മുംബയ്: ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ശില്പികളിൽ ഒരാളായ വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. ഏക്‌നാഥ് ചിറ്റ്‌നിസ് (100) അന്തരിച്ചു. ഇന്നലെ പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. 1985ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഐ.എസ്.ആർ.ഒയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹമാണ് രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തുമ്പയെ തിരഞ്ഞെടുത്തത്.
1963ൽ തുമ്പ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ വിക്ഷേപണത്തിന് നേതൃത്വം നൽകി. അതായിരുന്നു ഇന്ത്യയുടെ ബഹിരാകാശ ഗാഥയുടെ തുടക്കം. ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസേർച്ചിന്റെ സ്ഥാപകാംഗമായിരുന്നു. ഡോ.എ.പി.ജെ അബ്ദുൾ കലാമിനെ നാസയിൽ പരിശീലനത്തിനും എസ്.എൽ.വി പദ്ധതിയിലേക്കും ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നു. പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ മുൻ ചെയർമാൻ കൂടിയാണ് .
ഭാര്യ: പരേതയായ കുമുദ് ചിറ്റ്നിസ്. മകൻ: ഡോ. ചേതൻ ചിറ്റ്നിസ്. മരുമകൾ: അംബിക. മലേറിയ ഗവേഷണത്തിലൂടെ ശ്രദ്ധനേടിയ ചേതന് ഇക്കൊല്ലം പദ്മശ്രീ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |