തിരുവനന്തപുരം : പി.എം ശ്രീ പദ്ധതിയിൽ ഒപ്പു വയ്ക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തോടുള്ള എതിർപ്പ് മന്ത്രിസഭാ യോഗത്തിലും വ്യക്തമാക്കി സി.പി.ഐ. മന്ത്രിസഭാ യോഗത്തിന് മുൻപ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വസതിയിൽ മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലെങ്കിലും അവിടെ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിനോയ് വിശ്വം നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ ഇതേക്കുറിച്ചുള്ള ആശങ്ക അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇതിന് മറുപടി നൽകിയില്ല.
പി.എം. ശ്രീയിൽ ചേർന്നാൽ ദേശീയ വിദ്യാഭ്യാസ നയം അതേപടി സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്നായിരുന്നു റവന്യൂ മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടിയത്. മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ ചർച്ച ചെയ്യാതെ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും സിപിഐ മന്ത്രിമാർ വ്യക്തമാക്കി. നേരത്തെ മന്ത്രിസഭയിൽ സിപിഐ എതിർപ്പ് അറിയിച്ചതിനെ തുടർന്നു മാറ്റിവച്ച പിഎം ശ്രീ പദ്ധതിയിൽ വീണ്ടും ഒപ്പു വയ്ക്കുമെന്ന നിലപാടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്ന് അറിഞ്ഞു. ഇതു ശരിയാണെങ്കിൽ സിപിഐ നിലപാടിന് വിരുദ്ധമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചാൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം പൂർണ തോതിൽ നടപ്പാക്കേണ്ടി വരും. ധാരണാ പത്രത്തിൽ ഒപ്പു വയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് കേന്ദ്രത്തെ അറിയിച്ചോയെന്നും മന്ത്രി കെ. രാജൻ ചോദിച്ചു.
പിന്നീട് നടന്ന സി.പി.ഐ സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നു. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ ശക്തമായി എതിർക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിവും സമാനം നിലപാടായിരിക്കും ആവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |