തിരൂർ: 22 ജീവനുകൾ പൊലിഞ്ഞ താനൂർ ബോട്ടപകടത്തിന്റെ രണ്ടാം ഘട്ട ഹിയറിംഗും പൊതു തെളിവെടുപ്പും ഇന്നലെ അന്വേഷണ ജുഡീഷ്യൻ കമ്മിഷൻ ജസ്റ്റിസ് വി.കെ മോഹനന്റെ നേതൃത്വത്തിൽ നടന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നടക്കുന്ന പൊതു തെളിവെടുപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആദ്യത്തെ പൊതു തെളിവെടുപ്പാണ് തിരൂർ ടൗൺഹാളിൽ നടന്നത്. പൊതുപ്രവർത്തകർ, ബോട്ടുകളുമായി ബന്ധപ്പെട്ടവർ, സന്നദ്ധ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്നും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിച്ചു. ഇന്ന് ഹിയറിംഗും പൊതു തെളിവെടുപ്പും മലപ്പുറം അരീക്കോട്ട് നടക്കും.
2024 മാർച്ചിൽ ആരംഭിച്ച ഒന്നാം ഘട്ട സിറ്റിംഗിൽ ബോട്ടിന്റെ അനുമതിയെ കുറിച്ചും അപകടം സംഭവിക്കാനുള്ള കാരണത്തെകുറിച്ചും ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അന്തിമ റിപ്പോർട്ട് ഡിസംബറിൽ സർക്കാരിന് സമർപ്പിക്കാനാണ് സാദ്ധ്യത. ഇന്നലെ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനനെ കൂടാതെ കമ്മിഷൻ അംഗങ്ങളായ കമ്മിഷൻ ടെക്നിക്കൽ മെമ്പർ പ്രൊഫ. ഡോ.കെ.പി.നാരായണൻ, കമ്മിഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ല ജഡ്ജി സി.കെ രമേഷ് കുമാർ, റിട്ട. മജിസ്ടേറ്റ് സി.ചന്ദ്രശേഖരൻ, അഭിഭാഷകൻ ടി.പി രമേഷ്, ഡെപ്യൂട്ടി കളക്ടർ ലിഫ്റ്റി, തിരൂർ തഹസിൽദാർ സി.കെ. ആഷിഖ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |