ആലപ്പുഴ: ''താജ്മഹൽ ഒരുക്കിയ ഷാജഹാന്റെ അതേ വികാരത്തോടെയാണ് ഞാനും രവി കരുണാകരൻ സ്മാരകമൊരുക്കിയത്. അദ്ദേഹത്തോടുള്ള പ്രണയം വാക്കുകൾക്കതീതമാണ്...'' ബെറ്റി കരൺ കേരളകൗമുദിയോട് ഒരിക്കൽ പറഞ്ഞതാണിത്. മൺമറഞ്ഞുപോയ ഭർത്താവിന്റെ ഓർമ്മ എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹത്തോടെ ആലപ്പുഴയിൽ സ്മാരകമൊരുക്കിയ കരൺ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർപേഴ്സണും, പ്രമുഖ കയർ വ്യവസായി രവി കരുണാകരന്റെ ഭാര്യയുമായ ബെറ്റി കരൺ (സുഭദ്ര രവി കരുണാകരൻ, 88) ഓർമ്മയാകുമ്പോൾ ബാക്കിയാകുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രണയസ്മാരകമാണ്.
ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദനമറക്കാൻ 2006ൽ ബെറ്റി ഒരുക്കിയതാണ് ആലപ്പുഴ നഗരഹൃദയത്തിലെ രവി കരുണാകരൻ മ്യൂസിയം. താജ്മഹലിനെ ഓർമ്മിപ്പിക്കുന്ന ഇരുനില മ്യൂസിയത്തിൽ കോടികൾ വിലമതിക്കുന്ന അപൂർവശേഖരങ്ങളാണ് ബെറ്റി സൂക്ഷിച്ചിരിക്കുന്നത്.
18ാം വയസിലാണ് കൊല്ലം പരവൂർ സ്വദേശി ബെറ്റി, രവി കരുണാകരന്റെ ഭാര്യയായി ആലപ്പുഴയിലെത്തിയത്. മുൻവാതിലില്ലാത്ത വീട്ടിലേക്കാണ് അവർ വന്നത്. അവസാന കാലം വരെയും വീട്ടിൽ പ്രധാനവാതിൽ ഘടിപ്പിക്കാതെ അതിഥികളെ സ്വീകരിച്ചിരുന്നു ബെറ്റി.
ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, 24 കാരറ്റ് സ്വർണത്തരികൾ ചേർത്തുണ്ടാക്കിയ ക്രിസ്റ്റൽ രൂപങ്ങൾ, പ്രശസ്ത ബ്രാൻഡുകളുടെ ലിമിറ്റഡ് എഡിഷൻ ശില്പങ്ങൾ, വിക്ടോറിയൻ കാലഘട്ടങ്ങളിലെ വസ്തുക്കൾ, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ബ്യൂക്ക് സൂപ്പർ കാർ തുടങ്ങി മ്യൂസിയത്തിലെ വിസ്മയക്കാഴ്ചകളുടെ മായികലോകം ഇനി ബെറ്റിയുടെ കൂടി സ്മാരകമായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |