തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കൂടുതൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2017ലെ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫീൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്കാണ് സഹായം നൽകുക. ഇതിനുള്ള അനുമതി ജില്ലാ കളക്‌ടർക്ക് നൽകി.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കാനും തീരുമാനിച്ചു.
ശമ്പള പരിഷ്കരണം
സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം 2019 ജൂലായ് മുതൽ പ്രാബല്യത്തോടെ നടപ്പാക്കും. പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കും. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കും.
കാലാവധി നീട്ടി
സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അനൂപ് അംബികയുടെ കരാർ നിയമന കാലാവധി ജൂലായ് 11 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാറായി പുനർ നിയമന വ്യവസ്ഥയിൽ നിയമിതനായ എസ്.വി. ഉണ്ണികൃഷ്ണൻ നായരുടെ പുനർ നിയമന കാലാവധി ജൂലായ് 10 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത് സാധൂകരിച്ചു.
ഭൂപരിധിയിൽ
ഇളവ്
തിരുവനന്തപുരം കിംസ് ഹെൽത്ത് കെയറിന്റെ കൈവശമുളള 6.48.760 ഹെക്ടർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള കടകംപള്ളി വില്ലേജിലെ 1.14.34 ഏക്കർ ഭൂമിക്ക് ഭൂപരിഷ്ക്കരണ നിയമ പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി ഭൂപരിധിയിൽ ഇളവ് അനുവദിക്കും.
ഡി.ആർ.ഡി.ഒ പ്രോജക്ട് ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരം പൂവാർ വില്ലേജിലും സമുദ്രതീര പുറമ്പോക്കിലും ഉൾപ്പെട്ട 2.7 ഏക്കർ ഭൂമി ന്യായവിലയായ 2,50,14,449 രൂപ ഈടാക്കി ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ / നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിക്ക് പര്യവേഷണത്തിന് പതിച്ചു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |