തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എൻ.ശക്തൻ രാജിവച്ചു. രാജിക്കത്ത് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. കത്ത് ഉടൻ ഹൈക്കമാൻഡിന് നൽകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് 74കാരനായ ശക്തന്റെ നീക്കമെന്നാണ് സൂചന.
പാർട്ടിക്കെതിരായ വിവാദ പ്രസ്‌താവനയെ തുടർന്ന് പാലോട് രവിക്ക് രാജിവയ്ക്കേണ്ടി വന്നപ്പോഴാണ് എൻ.ശക്തനെ ഡി.സി.സി പ്രസിഡന്റാക്കിയത്. 10 ദിവസത്തേക്ക് എന്നുപറഞ്ഞ് ഏല്പിച്ച ചുമതലയിൽ നിന്ന് മൂന്നുമാസമായിട്ടും മാറ്റിയില്ലെന്നാണ് ശക്തന്റെ പരാതി. കെ.പി.സി.സി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരോട് ശക്തൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലൂടെ,ഡി.സി.സി പ്രസിഡന്റായി ശക്തൻ തുടരണമെന്ന സന്ദേശമാണ് നേതൃത്വം നൽകിയത്.
തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നേക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാളെ നിയോഗിക്കണമെന്നാണ് ശക്തന്റെ ആവശ്യം. നേമത്തുനിന്ന് രണ്ടുതവണയും കോവളം,കാട്ടാക്കട മണ്ഡലങ്ങളിൽ നിന്ന് ഓരോ തവണയും വിജയിച്ചിട്ടുള്ള എൻ.ശക്തൻ ഗതാഗതമന്ത്രി,സ്‌പീക്കർ,ഡെപ്യൂട്ടി സ്‌പീക്കർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1987ൽ കോവളത്ത് എ.നീലലോഹിതദാസിനോടും 2016ൽ കാട്ടാക്കടയിൽ ഐ.ബി.സതീഷിനോടും പരാജയപ്പെട്ടു.
പുതിയ ഡി.സി.സി
പ്രസിഡന്റ് ആരാകും?
നിലവിൽ ചെമ്പഴന്തി അനിലിനാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻതൂക്കമുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എ ഗ്രൂപ്പിലെ പ്രധാന നേതാക്കളും അനിലിനൊപ്പമാണ്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു പേരു പറഞ്ഞുകേട്ടവരിൽ ടി.ശരത്ചന്ദ്ര പ്രസാദിനെ കെ.പി.സി.സി വൈസ് പ്രസിഡന്റായും മണക്കാട് സുരേഷിനെ ജനറൽ സെക്രട്ടറിയായും പുനഃസംഘടനയിൽ നിയമിച്ചിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട മരിയാപുരം ശ്രീകുമാറിന്റെ പേരും പരിഗണിക്കുന്നുണ്ട്. കെ.മുരളീധരന്റെ പിന്തുണ ശ്രീകുമാറിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |