കീവ്: യുക്രെയിനിൽ ഇന്നലെയുണ്ടായ റഷ്യൻ ഡ്രോൺ, മിസൈലാക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം 7 പേർ കൊല്ലപ്പെട്ടു. കുട്ടികൾ അടക്കം 27 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖാർക്കീവിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാർക്കീവിൽ ഒരു നഴ്സറിയും ആക്രമിക്കപ്പെട്ടു. റഷ്യ 405 ഡ്രോണുകളും 28 മിസൈലുകളും പ്രയോഗിച്ചെന്ന് യുക്രെയിൻ പറയുന്നു.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താത്പര്യമില്ല എന്നതിന്റെ തെളിവാണ് ആക്രമണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി റഷ്യയിലെ ബ്രയാൻസ്കിലെ ഒരു കെമിക്കൽ പ്ലാന്റിന് നേരെ ബ്രിട്ടീഷ് നിർമ്മിത ദീർഘ ദൂര സ്റ്റോം ഷാഡോ മിസൈലുകളാൽ യുക്രെയിൻ ആക്രമണം നടത്തിയിരുന്നു.
അതേ സമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന സമാധാന ചർച്ച മാറ്റിവച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു റഷ്യൻ ആക്രമണം.
നിലവിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന യുക്രെയിനിലെ അതിർത്തി പ്രദേശങ്ങളിൽ ഉടൻ വെടിനിറുത്തൽ നടപ്പാക്കണമെന്ന ട്രംപിന്റെ ആവശ്യം റഷ്യ നിരസിച്ചു. പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുക്കില്ലെന്നും ആവർത്തിക്കുന്നു.
ട്രംപുമായുള്ള പുട്ടിന്റെ ചർച്ചയ്ക്ക് ഒരുക്കങ്ങൾ തുടരുന്നുണ്ടെന്നാണ് റഷ്യ പറയുന്നത്. ഇതിനിടെ, റഷ്യ ഇന്നലെ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള സൈനികാഭ്യാസം നടത്തി. യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകാനുള്ള ധാരണാപത്രത്തിൽ സ്വീഡൻ ഒപ്പിട്ട പിന്നാലെയാണ് റഷ്യയുടെ ശക്തി പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |