
'ബൾട്ടി" അടിച്ച് നെഞ്ചും വിരിച്ചു ശാന്തനു ഭാഗ്യരാജ്.ഉയർന്നു പൊങ്ങിയുള്ള ആ ബൾട്ടി കുതിപ്പിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടി ശാന്തനു ഭാഗ്യരാജിന്റെ കുമാർ എന്ന കഥാപാത്രം.
പതിനാറു വർഷത്തിനു ശേഷം മലയാളത്തിലേക്ക് തിരികെ എത്തുമ്പോൾ ശാന്തനു ഭാഗ്യരാജ് ചിന്തിച്ചത് 'ഏയ്ഞ്ചൽ ജോണി"ന്റെ കൂട്ടുകാരൻ മറഡോണയെ എത്രപേർ ഓർക്കുന്നുണ്ടെന്നാണ്. ആരും മറന്നില്ലെന്ന സന്തോഷത്തിൽ ശാന്തനു നിറഞ്ഞു ചിരിച്ചു. കാരണം മോഹൻലാലിനൊപ്പം ആയിരുന്നു അഭിനയം.തമിഴിലെ പ്രതിഭാധനനായ സംവിധായകൻ ഭാഗ്യരാജിന്റെയും നടി പൂർണിമ ഭാഗ്യരാജിന്റെയും മകൻ എന്ന വിലാസത്തിൽനിന്ന് ശാന്തനു ഏറെ വളർന്നു. ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിച്ച 'ബൾട്ടി" തന്ന പുതുസന്തോഷത്തിൽ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്ന ശാന്തനു ഭാഗ്യരാജ് ഒരുപിടി പ്രതീക്ഷയോടെ മനസ് തുറന്നു.
10 കിലോ കുറച്ചപ്പോൾ
കുമാർ ആകാൻ ഏറെ തയാറെടുപ്പുണ്ട് . ഒരു മാസം ഒാൺ ലൈനായി മലയാളം പഠിച്ചു. ബൾട്ടിയിൽ കേട്ടത് എന്റെ തന്നെ ശബ്ദം ആണ്. 10 കിലോ ശരീര ഭാരം കുറച്ചു. ഇരുപത് ദിവസത്തെ പാർക്ക് സ്റ്റണ്ട് ട്രെയിനിംഗ് കൊച്ചിയിൽ . ദിവസവും ആറുമണിക്കൂർ കബഡി പരിശീലനം ഉണ്ടായിരുന്നു. പൂർണമായും കുമാർ ആകാൻ എന്നെ കൊണ്ട് ആകുംവിധം എല്ലാം മാറാൻ ശ്രമിച്ചു. ഏറെ പ്രേക്ഷക പ്രീതിയുള്ള താരത്തെ കാസ്റ്റ് ചെയ്യാമായിരുന്നിട്ടും കുമാർ എന്ന കഥാപാത്രമാകാൻ എന്നെ തിരഞ്ഞെടുത്തതിൽ ഉണ്ണിയോട് നന്ദിയുണ്ട്. കുമാർ എന്ന ട്രിക്കി കഥാപാത്രത്തെ ആദ്യാവസനം ഒരേപോലെ കൊണ്ടു പോവുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇത്തരം കഥാപാത്രം എല്ലാ നടൻമാരും ആഗ്രഹിക്കുന്നതാണ്.
ഏറെ നാളത്തെ ആഗ്രഹം
ഏയ്ഞ്ചൽ ജോണിനുശേഷം വിചാരിച്ചതു പോലെ മലയാളത്തിൽ അവസരങ്ങൾ ലഭിച്ചില്ല. വന്ന അവസരങ്ങൾ പലതും സ്വീകരിച്ചില്ല. നടൻ എന്ന നിലയിൽ പലവിധ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. കുറെ നാൾ സിനിമയിൽ പ്രത്യക്ഷപ്പെടാതിരുന്നതോടെ മലയാളത്തിൽ വലിയ ഇടവേള എടുക്കേണ്ടി വന്നു. പരിശ്രമം, ആത്മവിശ്വാസം, സമർപ്പണം എന്നിവ കാത്തു സൂക്ഷിച്ചാൽ സിനിമ അതിന്റെ പ്രതിഫലം നൽകുമെന്ന് വിശ്വസിക്കുന്നു. മലയാള സിനിമ കഥയ്ക്കും കഥാപാത്രത്തിനും ഏറെ പ്രാധാന്യം നൽകുന്നു . നല്ല ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചതാണ്. തമിഴിൽ 'പാവ കഥൈകൾ" ആന്തോളജിയിലെ 'തങ്കം", പിന്നീട് ബ്ലൂ സ്റ്റാർ എന്ന നല്ല സിനിമയുടെയും ഭാഗമായി. ദേവ എന്ന സുഹൃത്ത് ആണ് ബൾട്ടിയിൽ എത്തിക്കുന്നത്. ബൾട്ടിയിൽ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവ ആണ്. കഥ കേട്ടപ്പോൾ കുറെ നാളത്തെ ആഗ്രഹം സഫലമാകുന്നതായി തോന്നി. ഈ കഥാപാത്രത്തിന് അനുയോജ്യമായിരിക്കുമെന്ന് ഉണ്ണി പറഞ്ഞു.നിർമ്മാതാക്കളായ സന്തോഷ് ടി.കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും തന്ന പിന്തുണയും വിശ്വാസവും പ്രോത്സാഹനവും വളരെ വലുതാണ്. പരിചയ സമ്പത്തുള്ള ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് സന്തോഷം തരുന്നു.
സംവിധാനം ഉടനില്ല
തമിഴിൽ 'എസാം "എന്ന സിനിമ ചെയ്യുന്നു.'മജന്ത" എന്ന ചിത്രത്തിലും വരലക്ഷ്മി ശരത് കുമാർ, ജയ് എന്നിവരോടൊപ്പം മൾട്ടി സ്റ്റാർ സിനിമയിലും അഭിനയിക്കുന്നുണ്ട്. നസ്രിയയോടൊപ്പം അഭിനയിച്ച 'ദ മദ്രാസ് മിസ്റ്ററി : ഫാൾ ഒഫ് എ സൂപ്പർ സ്റ്റാർ" എന്നവെബ് സീരിസ് ഉടൻ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. അച്ഛനെ പോലെ സംവിധാനത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എങ്കിലും ഇപ്പോൾ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ആണ് താല്പര്യം.മലയാള സിനിമകൾ കാണാറുണ്ട്. ഇനി മലയാളത്തിൽ സജീവം ആകാൻ ആഗ്രഹിക്കുന്നു. അമ്മ അഭിനയിച്ച മലയാള സിനിമകൾ കണ്ടിട്ടുണ്ട്.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ,കാര്യം നിസാരം, ആ രാത്രി, കിന്നാരം, ഓളങ്ങൾ എന്നീ സിനിമകൾ എല്ലാം ഇഷ്ടമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |