
ധർബംഗ ജില്ലയിലെ അലിനഗർ മണ്ഡലം പിടിക്കാനുള്ള ബി.ജെ.പിയുടെ തുറുപ്പു ചീട്ടാണ് റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ ഗായിക മൈഥിലി താക്കൂർ. 14ന് പത്രിക സമർപ്പണത്തിന് തൊട്ടുമുമ്പാണ് 25കാരിയായ മൈഥിലി ബി.ജെ.പിയിൽ ചേർന്നത്.
ഹിന്ദി, ഭോജ്‌പുരി, പഞ്ചാബി, ഇംഗ്ളീഷ് ഗാനങ്ങൾ പാടുന്ന മൈഥിലിയെ 'മിഥിലയുടെ സാംസ്കാരിക ശബ്ദം" എന്ന വിശേഷണത്തോടെ അവതരിപ്പിച്ച് പിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പി ശ്രമം. ദർഭംഗയിലെ ബേനിപതിയിൽ നിന്നുള്ള ബ്രാഹ്മണ കുടുംബാംഗമായതും സവർണ മേധാവിത്വമുള്ള അലിനഗർ മണ്ഡലത്തിൽ ഇറക്കാൻ കാരണമായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻ ബ്രാൻഡ് അംബാസഡറുമാണ്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അടുത്തിടെ 'ഛത് കി മഹിമ" എന്ന പേരിൽ ബീഹാറിലെ ഛഠ് പൂജയെക്കുറിച്ചുള്ള ആൽബം പുറത്തിറക്കിയിരുന്നു. പാട്ടുകൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് മനസിലാക്കിയ മൈഥിലി, പ്രചാരണങ്ങളിൽ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം അടക്കം രാഷ്‌ട്രീയ നിരീക്ഷണങ്ങളും നിർണായക പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. സീതാ ദേവിയോടുള്ള ആദരസൂചകമായി അലിനഗറിന്റെ പേര് 'സീതാനഗർ" എന്ന് പുനർനാമകരണം ചെയ്യുമെന്ന പ്രഖ്യാപനം മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്.
ബ്രാഹ്‌മണ സമുദായത്തിൽ നിന്നുള്ള വിനോദ് മിശ്രയാണ്(ആർ.ജെ.ഡി) മൈഥിലിയുടെ മുഖ്യ എതിരാളി. മികച്ച കലാകാരിയാണെങ്കിലും മൈഥിലിക്ക് രാഷ്ട്രീയം തികച്ചും വ്യത്യസ്തമായ കളിയാണെന്ന് മിശ്ര പറയുന്നു. 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് എൻ.ഡി.എയിലായിരുന്ന വി.ഐ.പിയുടെ മിശ്രിലാൽ യാദവിനോട് ഇദ്ദേഹം തോറ്റിരുന്നു.
2008ൽ നിലവിൽ വന്ന അലിനഗർ മണ്ഡലത്തിൽ 2010, 2015 തിരഞ്ഞെടുപ്പുകളിൽ ആർ.ജെ.ഡിയും 2020ൽ വി.ഐ.പിയുമാണ് ജയിച്ചത്. മൈഥിലിയുടെ ജനപ്രീതിയിൽ അലിനഗർ പിടിക്കാൻ ബി.ജെ.പിക്കാകുമോ എന്നതാണ് ചോദ്യം.
തലപ്പാവിൽ വിവാദം
പ്രചാരണത്തിനിടെ ബീഹാറിലും നേപ്പാളിലും സാംസ്കാരിക പൈതൃകത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്ന പാഗ് തലപ്പാവിനുള്ളിൽ മഖാന പലഹാരം ഇട്ട് കഴിച്ചത് വിവാദമായിരുന്നു. വിവാഹങ്ങളിലും ഉത്സവങ്ങളിലും മറ്റ് ആചാരപരമായ അവസരങ്ങളിലും ധരിക്കുന്ന തലപ്പാവിനോട് മൈഥിലി അനാദരവ് കാണിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |