
തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ടവും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകാൻ ധാരണ. കരാർ ഈയാഴ്ച ഒപ്പുവെയ്ക്കും. പ്രീമിയം 810 ആയി വർദ്ധിപ്പിക്കും. ജൂലായിൽ അവസാനിച്ച ഒന്നാം ഘട്ട മെഡിസെപിന്റെ കാലാവധി ഒക്ടോബർ 31വരെ താൽക്കാലികമായി നീട്ടിയിരിക്കുകയാണ്. അത് അവസാനിക്കുന്ന മുറയ്ക്ക് പുതിയ കരാർ നിലവിൽ വരേണ്ടതാണ്. നടപടിക്രമങ്ങളിലെ കാലാതാമസം കണക്കിലെടുത്ത് ഒന്നോ,രണ്ടോ ആഴ്ച കൂടി ഒന്നാം മെഡിസെപിന്റെ കാലാവധി നീട്ടിയേക്കും.നവംബർ ഒന്നിന് മെഡിസെപ് രണ്ടാം ഘട്ടം പ്രഖ്യാപനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പ്രീമിയം 750ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ അതനുസരിച്ചുള്ള ടെൻഡർ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് 810ആയി വർദ്ധിപ്പിക്കാൻ നിർബന്ധിതമായത്.ആദ്യഘട്ടത്തിൽ 500 രൂപയായിരുന്നു. പ്രീമിയം വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി തേടേണ്ടതുണ്ട്. സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യേണ്ടതുമുണ്ട്. ഈ നടപടികൾ കൂടി പൂർത്തിയാക്കിയശേഷമായിരിക്കും രണ്ടാംഘട്ടം നടപ്പാക്കുക. ഈയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ മെഡിസെപ് ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. നവംബർ ഒന്നിന് പ്രത്യേക നിയമസഭായോഗം വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ നിരവധി പദ്ധതികൾ അന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.അതിനൊപ്പം മെഡിസെപ് പുതിയ ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തുമോ എന്ന് തീരുമാനമായിട്ടില്ല. ഓറിയന്റൽ ഇൻഷ്വറൻസുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |