
കുർണൂൽ: ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വഴിത്തിരിവ്. പൊട്ടിത്തെറിച്ച ബസിനുള്ളിൽ 234 സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നതായി കണ്ടെത്തൽ. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതായിരിക്കാം ബസിൽ തീ ആളിപ്പടർന്നതിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു.
234 സ്മാർട്ട്‌ഫോണുകൾക്കായി 46 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കുകൂട്ടൽ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മംഗനാഥ് എന്ന ബിസിനസുകാരനാണ് ഇവ പാഴ്‌സലായി അയച്ചത്. ബംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്കാണ് സ്‌മാർട്ട്‌ഫോണുകൾ അടക്കമുള്ള ചരക്ക് അയച്ചത്. അവിടെ നിന്നാണ് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുക.
അപകടത്തിനിടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളിൽ ചിലരും വെളിപ്പെടുത്തി. സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമേ, ബസിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി.
തീ പിടിത്തത്തിന് പിന്നാലെ ചൂട് കഠിനമായതോടെ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ ഉരുകിപ്പോയി. ഇന്ധന ചോർച്ച മൂലമാണ് മുൻവശത്ത് തീ പടർന്നത്. ബസിനടിയിൽ അപകടത്തിനിടയാക്കിയ ബൈക്ക് കുടുങ്ങിയതിനെത്തുടർന്ന് പെട്രോൾ തെറിച്ചുവീഴുകയും ചൂടും തീപ്പൊരിയും കൂടിക്കലർന്ന് തീ ആളിക്കത്തുകയുമായിരുന്നു. വാഹനങ്ങളുടെ ഭാരം കുറയ്ക്കാനും വേഗത കൂട്ടാനുമായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം ഉപയോഗിച്ചത് അപകടത്തിന്റെ ആക്കം കൂട്ടിയതായും ഡയറക്ടർ ജനറൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |