
തിരുവനന്തപുരം: വടംവലിക്കാൻ ഒരു സ്കൂൾ മൈതാനം നോക്കി നെട്ടോട്ടമോടിയ സംഘാടകർക്ക് ഒടുവിലാണ് ബുദ്ധിയുദിച്ചത്. ചെളിയില്ലാത്തൊരു ഗ്രൗണ്ട് ജർമ്മൻ പന്തലിട്ടു കയ്യിൽ വെച്ചിട്ട് എന്തിന് നാട്ടിൽ തേടിനടക്കണം ? അങ്ങനെ വിവാദങ്ങൾക്കും പരാതികൾക്കും വേദി മാറ്റങ്ങൾക്കുമൊടുവിൽ വടംവലി ഇൻഡോറായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു. കഴിഞ്ഞദിവസം സെൻട്രൽ സ്റ്റേഡിയത്തിൽ ചെളിനിറഞ്ഞതിനെത്തുടർന്ന് വടംവലി വെള്ളായണി കാർഷികകോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇന്നലെ അവിടെ പ്രാഥമികറൗണ്ട് നടത്തിയപ്പോൾ കുട്ടികൾ ചെളിയിൽ തെന്നിവീണത് വലിയ പരാതിയായി. മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ പുകിലായി. ഏതെങ്കിലും ഒരു സ്കൂൾ മൈതാനം തേടി തപ്പി നടന്നെങ്കിലും ഒന്നും കിട്ടിയില്ല. 20 മീറ്റർ നീളവും അതിനൊപ്പം വീതിയുമുള്ള മൺ മൈതാനം വേണമെന്ന വടംവലി അസോസിയേഷന്റെ നിബന്ധനയുമായി ചെന്നപ്പോൾ മിക്കസ്കൂൾ മുറ്റങ്ങളും സ്റ്റൈലായി തറയോട് പാകിയത്. അല്ലാത്തിടത്ത് ചെളിക്കളം.
ഇതോടെ സംഘാടകസമിതിക്ക് വടംവലി വലിയ വെല്ലുവിളി. അപ്പോഴാണ് സംഘാടകസമിതിയിലെ അദ്ധ്യാപകനായ ഷിജു.കെ.ദാസിന് ഐഡിയ തലയിലുദിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ ജർമ്മൻ ഹാംഗർ ടെക്നോളജിയിൽ തീർത്ത പന്തലിനുള്ളിൽ ഖോ ഖോയ്ക്ക് നൽകിയ സ്ഥലത്തിട്ടിരിക്കുന്ന മാറ്റ് 20 മീറ്റർ നീളത്തിൽ അഞ്ച് മീറ്റർ വീതിയിൽ മാറ്റുക. ആ തറയിൽ നീളത്തിൽ വടമിട്ട് വലിപ്പിക്കുക. അങ്ങനെ സെമിയും ഫൈനലും ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ സേഫായി നടന്നു. കുട്ടികൾക്കും സംഘാടകർക്കും സന്തോഷം.
വീറോടെ
കണ്ണൂരിന്റെ
പെൺപട
കണ്ണൂർ പെൺപട ആഞ്ഞു പിടിച്ചപ്പോൾ , ഗോൾഡ് മെഡലിങ്ങുപോന്നു. കഴിഞ്ഞ വർഷവും കണ്ണൂർ തന്നെയായിരുന്നു ഫൈനലിസ്റ്റുകൾ.ഗോപിക, ഫിയോണ, ശ്രീലേഖ, മെറിൻ, ക്ലെയർ, റിഥിക, ഡോണ, അലൈൻ എന്നിവരാണ് കണ്ണൂർ ടീമിലെ മിടുക്കികൾ.എടൂർ സെന്റ്മേരിസ് എച്ച്. എസ്. എസ്, മണിക്കടവ്, കുന്നൂത്ത്, പോപ്രോയിൽ തുടങ്ങിയ വിവിധ സ്കൂളുകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. പെൺപടയുടെ ലൂസേസ് ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടി.ഇടുക്കി മൂന്നാം സ്ഥാനവും തൃശൂർ നാലാം സ്ഥാനവും നേടി.
ആൺകുട്ടികളിൽ പാലക്കാട്
ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ വിജയികളായി പാലക്കാട് . കണ്ണൂരുുമായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ആഞ്ഞു പിടിച്ചാണ് പാലക്കാട് വിജയികളായത്.കഴിഞ്ഞ തവണയും പാലക്കാട് തന്നെയായിരുന്നു വിജയികൾ. സെമി ഫൈനലിൽ എറണാംകുളത്തെ തോൽപ്പിച്ചാണ് പാലക്കാട് ഫൈനലിൽ എത്തിയത്.എച്ച്. എസ്. എസ് ശ്രീകൃഷ്ണപുരം, എം. ഇ. എസ്. മണ്ണാർക്കാട്, ഗവ. എച്ച്. എസ്. എസ്. മുതലമട തുടങ്ങിയ സ്കൂളുകളിലെ ആദർശ്, സൂര്യൻ, ആരോമൽ, മുഹമ്മദ് അശ്മൽ, മുഹമ്മദ് അഷിയാം, അഭിഷേക് പി. മാധവ്, അഭിനവ്, അമീൻ തുടങ്ങിയവരാണ് ജില്ലയുടെ അഭിമാനം നിലനിറുത്തിയത്.ആൺകുട്ടികളുടെ ലൂസേഴ്സ് ഫൈനലിൽ മലപ്പുറം മൂന്നാം സ്ഥാനവും എറണാകുളം നാലാം സ്ഥാനവും കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |