
ബംഗളൂരു: ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ഹൈക്കോടതിയിൽ ഉടൻ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും വ്യാപാരിയുമായ ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
500 ഗ്രാമിലേറെ ഭാരം വരുന്ന സ്വർണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ സ്വർണ്ണക്കൊളളയിൽ പങ്കില്ലെന്നും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്നും ഗോവർദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നാണ് ഗോവർദ്ധൻ പറഞ്ഞത്.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക സംഘം ബംഗളൂരുവിൽ തെളിവെടുപ്പ് തുടരുകയാണ്. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കൊള്ളയടിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബെല്ലാരിയിലേക്ക് പുറപ്പെട്ടത്.
അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഒരു മാസമായി റൊദ്ദം ജുവലറി അടഞ്ഞു കിടക്കുകയായിരുന്നു. ഗോവർദ്ധന്റെ ബെല്ലാരിയിലെ വട്ടിലെത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്ന സ്വർണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനയിൽ മാത്രമേ സ്ഥിരീകരിക്കാനാകൂ.
ഇന്ന് രാവിലെ പത്തുമണിയോടെ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരു ശ്രീറാം പുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവിടെ തെളിവെടുപ്പിനെത്തിച്ചിരുന്നില്ല. ബംഗളൂരുവിലെ ഹോട്ടലിലാണ് താമസിപ്പിച്ചത്. ശ്രീറാംപുരം അമ്പലത്തിലും തെളിവെടുപ്പ് നടത്തുമെന്നാണ് അന്വേഷണ സംഘം പുറത്തുവിടുന്ന വിവരം. കർണാടക പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവനും പ്രതികരിച്ചു. സ്വർണം കണ്ടെത്തിയത് സന്തോഷകരമായ വാർത്തയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ടെത്തിയ സ്വർണം കോടതിയിൽ ഹാജരാക്കുമെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |