ശ്രീനഗർ: ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ജമ്മുവിലെ നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന വീട്ടുതടങ്കൽ അവസാനിപ്പിച്ചതായി റിപ്പോർട്ട്. രണ്ട് മാസത്തിന് ശേഷമാണ് രാഷ്ട്രീയക്കാരുടെ വീട്ടുതടങ്കൽ അവസാനിപ്പിച്ചത്. അതേസമയം കാശ്മീർ താഴ്‌വരയിലെ നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ് കഴിയുന്നത്.
വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു നേതാക്കളെ വിട്ടയച്ചതായും അവർക്കുള്ള നിയന്ത്രണങ്ങൾ മാറ്റിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. “അതെ, ഇപ്പോൾ എന്റെ നീക്കങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. ഇന്നലെ വൈകുന്നേരം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എന്നെ ഇക്കാര്യം അറിയിച്ചത്” നാഷണൽ കോൺഫറൻസ് നേതാവ് ദേവേന്ദർ റാണ പറഞ്ഞു.
സംസ്ഥാനത്തെ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജമ്മുവിലെ നേതാക്കളുടെ വീട്ടുതടങ്കലിൽ അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 24 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ അതേ ദിവസം തന്നെ നടക്കും.
ജമ്മു മേഖല സമാധാനപരമായതിനാലാണ് ഈയൊരു തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദേവേന്ദർ സിംഗ് റാണ, രാമൻ ഭല്ല, ഹർഷ്ദേവ് സിംഗ്, ചൗധരി ലാൽ സിംഗ്, വികർ റസൂൽ, ജാവേദ് റാണ, സുർജിത് സിംഗ് സ്ലാതിയ, സഞ്ജദ് അഹമ്മദ് കിച്ച്ലൂ എന്നീ നേതാക്കളുടെ നിയന്ത്രണങ്ങളാണ് നീക്കിയത്.
ജമ്മു കാശ്മീരിലെ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദള്ള എന്നിവരുൾപ്പെടെ 400 ഓളം രാഷ്ട്രീയ നേതാക്കളെ തടങ്കലിൽ പാർപ്പിക്കുകയുംം ചെയ്തു.
ശ്രീനഗറിലെ വീട്ടിൽ തടവിലുള്ള ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ വിചാരണ കൂടാതെ ആറ് മാസം വരെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതു സുരക്ഷാ ആക്ട് ചുമത്തിയിരുന്നു. കൂടാതെ കഴിഞ്ഞ 57 ദിവസങ്ങളായി ജമ്മു കാശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നാരോപിച്ച് കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ ജാവേദ് കഴിഞ്ഞ ആഗസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതിയിരുന്നു. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അവർ കത്തിലൂടെ അമിത്ഷായെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |