
ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ വിവാദ പ്രതികരണം നടത്തി മന്ത്രി. മദ്ധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവർഗീയ ആണ് താരങ്ങളെ കുറ്റപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത്. സുരക്ഷാ വീഴ്‌ചയെ മന്ത്രി ലഘൂകരിച്ച് കാണുന്ന പ്രതികരണം വന്നതോടെ വലിയ വിവാദമാണ് ഉണ്ടായത്.
'ഒരു വലിയ വീഴ്‌ചയാണ് സംഭവിച്ചത്. പക്ഷെ കളിക്കാർ ആരോടും പറയാതെയാണ് അവിടെനിന്നും പോയത്. പരിശീലകനോട് പോലും അവർ പറഞ്ഞില്ല. ഇത് അവരുടെ ഭാഗത്തെ തെറ്റാണ്. പേഴ്‌സണൽ സെക്യൂരിറ്റിയും പൊലീസ് സുരക്ഷയും അവർക്കായി ഉണ്ടായിരുന്നു. പക്ഷെ ആരും ശ്രദ്ധിക്കാത്തതിനാൽ അവർ പുറത്തുപോയി. ഈ സംഭവം ഉണ്ടായി.'- വിജയ്‌വർഗീയ പ്രതികരിച്ചു.
'കളിക്കാരും ഇതിൽ നിന്നും പാഠം പഠിക്കണം. നമ്മൾ മറ്റൊരു നഗരത്തിലേക്കോ, മറ്റൊരു രാജ്യത്തേക്കോ പോകുമ്പോൾ നമ്മുടെ സ്വന്തം സുരക്ഷയെകുറിച്ച് കരുതണമെന്ന് എനിക്ക് തോന്നുന്നു.' മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ക്രിക്കറ്റിന് വലിയ ആരാധകരുള്ളപ്പോൾ പുറത്തുപോകുകയാണെങ്കിൽ കളിക്കാർ അവരുടെ പ്രാദേശിക ഭരണകേന്ദ്രത്തെയോ സുരക്ഷാ വിഭാഗത്തെയോ അറിയിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്‌ടോബർ 23ന് രാവിലെ 11 മണിയോടെയാണ് വനിതാ ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കാനെത്തിയ രണ്ട് ഓസ്‌ട്രേലിയൻ താരങ്ങളെ ഇൻഡോറിൽ വച്ച് ഒരു യുവാവ് മോശമായ രീതിയിൽ സ്‌പർശിക്കുകയും ശല്യം ചെയ്യുകയും ചെയ്‌തത്. പ്രതിയായ അക്വിൽ ഷെയ്‌കിനെ അന്നുതന്നെ പൊലീസ് പിടികൂടി. മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും സംഭവത്തെ ശക്തമായാണ് അപലപിച്ചത്. ഇതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |