
ഏതാണ്ട് നാല് നൂറ്റാണ്ടുകൾക്ക് മുൻപ് മുഗൾ സാമ്രാജ്യത്തിന്റെ അധിപൻ ഷാജഹാൻ ചക്രവർത്തി ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് താജ് മഹൽ നിർമ്മിച്ചത്. ആധുനിക കാലത്തെ ലോകമഹാത്ഭുതങ്ങളിൽ ഒന്നായാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അന്നുമുതൽ ഇന്നോളം ഇന്ത്യയിലെത്തുന്ന ലോകസഞ്ചാരികളും നേതാക്കളും താജ് മഹലിന് മുന്നിലെത്തി അതിന്റെ ഭംഗി ആസ്വദിക്കാറുണ്ട്. തന്റെ പത്നി മുംതാസ് ബീഗത്തിന്റെ അകാലവിയോഗത്തിൽ ദുഃഖിതനായ ഷാജഹാൻ അവരുടെ സ്‌മരണാർത്ഥം ഈ മഹാസ്‌മാരക നിർമ്മാണത്തിന് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് 22 മുതൽ 25 വർഷം വരെയെടുത്താണ് താജ് മഹൽ നിർമ്മാണം പൂർത്തിയാക്കിയത്.

17-ാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും സമ്പന്നൻ
ലോകത്തിൽ ഏറ്റവും സമ്പന്നനായിരുന്ന ഭരണാധികാരിയായിരുന്നു അന്ന് ഷാജഹാൻ. 20.75 മില്യൺ സ്റ്റെർലിഗ് ആണ് ( 2,43,67,24,375 ഇന്ത്യൻ രൂപ) അദ്ദേഹത്തിന്റെ കണക്കാക്കപ്പെടുന്ന ആസ്‌തി. ലോക ജിഡിപിയുടെ 25 ശതമാനം അദ്ദേഹത്തിന്റെ പക്കലായിരുന്നു. അതിനാൽ അന്ന് ഏറെ ധനം ചെലവഴിച്ച് വെണ്ണക്കല്ലിൽ തീർത്ത താജ് മഹൽ ഇന്നും ഏവർക്കും അത്ഭുതമുണ്ടാക്കുന്ന ഒരു സ്‌മാരകമായി നിലനിൽക്കുന്നു. ഒരു വർഷത്തിൽ അഞ്ച് മില്യണോളം ആളുകൾ താജ് മഹൽ സന്ദർശിക്കാനെത്തുന്നു എന്നാണ് കണക്ക്.
മുഗൾ ചിത്രകല, ശിൽപകല എന്നിവയുടെ സമ്മേളനമാണ് താജ് മഹലിലുള്ളത്. കൊട്ടാരങ്ങളുടെ കിരീടം എന്നാണ് താജ് മഹലിന്റെ അർത്ഥം. 20,000 മുതൽ 22,000 വരെ തൊഴിലാളികളാണ് രാപകൽ താജ്‌മഹൽ നിർമ്മാണത്തിന് ഉണ്ടായിരുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങളെയും ഇതിന്റെ നിർമ്മാണ സഹായത്തിന് ഉപയോഗിച്ചു. പ്രധാനമായും ആനകളെയാണ് ഉപയോഗിച്ചത്.

ഉപയോഗിച്ചത് ആയിരത്തിലധികം ആനകളെ
ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് താജ്‌മഹൽ നിർമ്മാണത്തിന് വേണ്ട വസ്‌തുക്കൾ വരുത്തിയത്. ഇവ നിർമ്മാണ സ്ഥലത്തെത്തിക്കാൻ ആയിരത്തിലധികം ആനകളെ ഉപയോഗിച്ചു. കാളകളെയും കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. കഠിനമായ ഭാരമുള്ള കല്ലുകളും മാർബിളും ഉയരങ്ങളിൽ എത്തിക്കാൻ മുപ്പതോളം കാളകളെ പൂട്ടിയ വാഹനങ്ങൾ ഉപയോഗിച്ചു. നിർമ്മാണ ആവശ്യത്തിനുള്ള ജലം യമുനാ നദിയിൽ നിന്നും കൊണ്ടുവരാനും കാളവണ്ടികളാണ് ഉപയോഗിച്ചത്.
വിലയേറിയ കല്ലുകൾ, സ്വർണങ്ങൾ, വെണ്ണക്കല്ല്, മാർബിൾ എന്നിവ വിദേശത്തുനിന്നടക്കം കൊണ്ടുവന്നാണ് നിർമ്മാണം നടത്തിയത്. അതിനാൽ തന്നെ വലിയ ചെലവാണ് അക്കാലത്ത് താജ് മഹൽ നിർമ്മാണത്തിന് വേണ്ടിവന്നത്. വിദഗ്ദ്ധരായ വലിയൊരു തൊഴിൽനിരയെ തന്നെ താജ് മഹൽ നിർമ്മാണത്തിന് ഷാജഹാൻ നിയോഗിച്ചു. കരകൗശല വിദഗ്ദ്ധർ, ശിൽപ്പികൾ, കാലിഗ്രാഫികാരന്മാർ, കൽപ്പണിക്കാർ എന്നിങ്ങനെ നീളുന്നു അവർ.
പേർഷ്യയിലെയും ഓട്ടോമാൻ സാമ്രാജ്യത്തിലെയും പണിക്കാർ
അന്ന് ലോകത്ത് പ്രബലരായിരുന്ന പേർഷ്യക്കാർ, ഓട്ടോമാൻ സാമ്രാജ്യത്തിലെ പണിക്കാർ, ഒപ്പം ദക്ഷിണേന്ത്യയിൽ നിന്നടക്കം പണിക്കാരെ വരുത്തിയാണ് താജ് മഹൽ നിർമ്മാണം നടത്തിയത്. മുഗൾ വാസ്‌തുവിദഗ്ദ്ധനായ ഉസ്‌താദ് അഹമ്മദ് ലഹോരി എന്ന ശിൽപിയാണ് കെട്ടിടത്തിന്റെ പ്രധാന ശിൽപി. 1632 മുതൽ 1654 വരെയുള്ള കാലത്താണ് താജ്‌മഹൽ നിർമ്മിച്ചത്. അന്ന് 32 മില്യൺ രൂപ അഥവാ 3.2 കോടി രൂപ മുടക്കിയാണ് ഈ ലോകമഹാത്ഭുതം സ്ഥാപിച്ചത്. 70 മില്യൺ മുതൽ ഒരു ബില്യൺ വരെ ചെലവാക്കി എന്നും കഥകൾ പ്രചരിക്കുന്നുണ്ട്.

ഇന്ന് ചെലവ് വരിക ആയിരം കോടിയിലധികം
ഇന്ത്യൻ ചരിത്രകാരനായ ജാതുനാഥ് സർക്കാർ അദ്ദേഹത്തിന്റെ പുസ്‌തകമായ 'സ്റ്റഡീസ് ഇൻ മുഗൾ ഇന്ത്യ' യിൽ കണക്കുകൂട്ടുന്നതനുസരിച്ച് അന്ന് 42 മില്യൺ പണം താജ് മഹൽ നിർമ്മാണത്തിന് ചെലവായി. രാജസ്ഥാനിൽ നിന്നുള്ള മക്രാനാ മാർബിളാണ് താജ് മഹലിന്റെ പ്രധാന നിർമ്മാണ സാമഗ്രി. ഏഷ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിലപിടിപ്പുള്ള രത്നകല്ലുകളും വരുത്തി. ഇവയെല്ലാം വരുത്തുന്നതിന് തന്നെ ഇന്ന് കോടികൾ പ്രതിഫലം നൽകേണ്ടി വരും.
ഇന്ന് ഈ അപൂർവ നിർമ്മിതിക്കായി 400 മുതൽ 650 മില്യൺ ഡോളർ ചെലവ് വരുമെന്ന് ലോകമാകെയുള്ള വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇത് 3000 മുതൽ 7000 കോടി വരെ രൂപയാണ്. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ സ്‌മാരകത്തിന് ഒരു വിലയിടുക സാദ്ധ്യമല്ലെങ്കിലും എബിപി ലൈവ് ഹിന്ദി നടത്തിയ പഠനത്തിൽ ഏകദേശം 7500 കോടി രൂപ നിർമ്മാണ ചെലവ് ഇന്നായിരുന്നുവെങ്കിൽ ഈ ലോകമഹാത്ഭുതത്തിന് വേണ്ടിവന്നേനെ.
നാല് നൂറ്റാണ്ടുമുൻപ് ഇന്ത്യ സാമ്പത്തികമായി എത്ര ശക്തമായിരുന്നു എന്നും ശിൽപ,വാസ്‌തു കലകളിൽ എത്രത്തോളം അത്ഭുതകരമായ കഴിവുള്ളവരായിരുന്നു ഇവിടെയുള്ളവർ എന്നും ലോകത്തിന് ഇന്നും തെളിയിച്ചുകൊടുക്കുന്ന നിർമ്മിതി തന്നെയാണ് താജ് മഹൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |