
ന്യൂഡൽഹി: സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥി രാംകേശ് മീനയെ (32) കൊലപ്പെടുത്തിയ കേസിൽ ലിവിൻ പങ്കാളിയും കൂട്ടാളികളും അറസ്‌റ്റിൽ. 21 വയസുള്ള അമൃത ചൗഹാൻ, മുൻ കാമുകൻ സുമിത്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഒന്നിച്ച് താമസിച്ച സമയത്ത് അനുവാദമില്ലാതെ രാംകേശ് തന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. രാംകേശിന്റെ മൃതദേഹത്തിന് കത്തിക്കാനായി നെയ്യ്, വീഞ്ഞ് തുടങ്ങിയ വസ്‌തുക്കൾ ഉപയോഗിച്ചതായും ഇവർ പോലീസിനോട് സമ്മതിച്ചു.
ഒക്ടോബർ ആറിനാണ് തിമാർപ്പൂരിലെ നാലാം നിലയിലെ ഒരു ഫ്ലാറ്റിൽ തീപിടുത്തമുണ്ടായത്. ഫയർഫോഴ്സെത്തി തീ അണച്ചെങ്കിലും ഫ്ലാറ്റിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ രീതിയിൽ രാംകേശിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ, മരണത്തിൽ കുടുംബം സംശയം ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്. തീപിടുത്തം ഉണ്ടാകുന്നതിന് മുൻപ് മുഖംമൂടിയണിഞ്ഞ രണ്ടു പേർ കെട്ടിടത്തിലേക്ക് പ്രവേശിച്ചിരുന്നു. പിന്നീട് ഇതിൽ ഒരു പുരുഷൻ പുറത്തിറങ്ങി. കുറച്ച് സമയം കഴിഞ്ഞ് രണ്ടാമത്തെ പുരുഷനൊപ്പം ഒരു സ്‌ത്രീയും കൂടി പുറത്തേക്കിറങ്ങി. ഈ സ്ത്രീ രാം കേശിന്റെ ലിവ്-ഇൻ പങ്കാളിയായ അമൃത ചൗഹാൻ ആണെന്ന് തിരിച്ചറിഞ്ഞു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. അമൃതയുടെ ഫോൺ ലൊക്കേഷൻ സംഭവ സമയത്ത് ഫ്ലാറ്റിന് സമീപത്തായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം അമൃതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിരച്ചിലൊനുടുവിൽ ഒക്‌ടോബർ 18 നാണ് അവരെ പിടികൂടിയത്. കൂട്ടുപ്രതികളായ മുൻകാമുകനും സുഹൃത്തും പിന്നീടുള്ള ദിവസങ്ങളിൽ അറസ്‌റ്റിലായി.
ഈ വർഷം മെയിലാണ് താൻ രാം കേശിനെ കണ്ടുമുട്ടിയതെന്നും താമസിയാതെ ഇരുവരും പ്രണയത്തിസായെന്നും അമൃത പോലീസിനോട് പറഞ്ഞു. ഗാന്ധി വിഹാർ ഫ്ലാറ്റിൽ അവർ ഒരുമിച്ചായിരുന്നു താമസിച്ചത്. ഈ സമയത്ത് അമൃതയുടെ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്ത് രാംകേശ് ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ചു. ഇതറിഞ്ഞ് റെക്കോർഡിംഗുകൾ ഇല്ലാതാക്കാൻ രാംകേശിനോട് യുവതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല. തുടർന്നാണ് മുൻ കാമുകനുമായി ചേർന്ന് അമൃത കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന മേഖലയിലാണ് അമൃതയുടെ മുൻ കാമുകൻ സുമിത് ജോലി ചെയ്യുന്നത്. അതിനാൽ തന്നെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ എത്ര സമയമെടുക്കുമെന്ന് അയാൾക്ക് ധാരണയുണ്ടായിരുന്നു. ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയാണ് പ്രതിയായ അമൃത. കൊലപാതകത്തിന് മുൻപ് നിരവധി ക്രൈം വെബ്സീരുസുകളും അവർ കണ്ടിരുന്നു. പിന്നീട് സഹായത്തിന് ഇരുവരുടെയും പൊതുസുഹൃത്തായ സന്ദീപ് കുമാറിനെ കൂടി ഒപ്പം കൂട്ടുകയായിരുന്നു.
ഒക്ടോബർ അഞ്ചിന് വൈകുന്നേരം, സുമിതും സന്ദീപും ചേർന്ന് രാംകേശിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് തീ ആളിക്കത്തിക്കുന്നതിനായി എണ്ണ, നെയ്യ്, വീഞ്ഞ് എന്നിവ രാംകേശിന്റെ ദേഹത്ത് ഒഴിച്ചു . സുമിത് അടുക്കളയിൽ നിന്ന് ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് രാം കേശിന്റെ തലയ്ക്ക് സമീപം വച്ചു. നോബ് തിരിച്ചതിനാൽ മുറിയിൽ ഗ്യാസ് നിറയാൻ തുടങ്ങി. പ്രതികൾ രാം കേശിന്റെ രണ്ട് ലാപ്‌ടോപ്പുകളും ഹാർഡ് ഡിസ്‌ക്കും മറ്റ് സാധനങ്ങളും ഇതിനകം കൈക്കലാക്കിയിരുന്നു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം, സുമിത് ഒരു ലൈറ്റർ ഉപയോഗിച്ച് തീ കത്തിച്ച് പ്രധാന വാതിൽ പൂട്ടി. ഏകദേശം ഒരു മണിക്കൂറിന് ശേഷം, അവർ കെട്ടിടത്തിൽ നിന്ന് പുറത്ത് കടന്നതിന് ശേഷം സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയിൽ കൊലപാതകത്തിന്റേതായ സൂചനകൾ അവശേഷിപ്പിച്ചില്ലെങ്കിലും സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.കൊലപാതകത്തിലേക്ക് നയിച്ച ഹാർഡ് ഡിസ്‌ക്കും രാം കേശിന്റെ മറ്റ് സാധനങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |