
കാസർകോട്: നാട്ടുകാരെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ 17കാരനെ ക്രൂരമായി മർദിച്ച് കുമ്പള പൊലീസ്. കാസർകോട് മൊഗ്രാലിലാണ് സംഭവം. പരാതി നൽകാനായി സ്റ്റേഷനിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും കേസിൽ പ്രതിചേർക്കാൻ ശ്രമിച്ചതായും പരാതി ഉയരുന്നുണ്ട്.
ഈ മാസം 17നായിരുന്നു കേസിനാസ്‌പദമായ സംഭവം. കലോത്സവത്തിനിടയിലുണ്ടായ വാക്കുതർക്കം അടിപിടിയിലേക്ക് നീങ്ങിയപ്പോഴാണ് കുമ്പള പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാരെയും പൊലീസ് മർദിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് 17കാരനും സുഹൃത്തുക്കളും ചേർന്ന് പകർത്തിയത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് കുട്ടികളെ ലാത്തി ഉപയോഗിച്ച് മർദിച്ചുവെന്നാണ് ആരോപണം.
പരിക്കേറ്റ 17കാരനെ ഒരു ബന്ധു എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിൽ അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിനെത്തുടർന്ന് കുട്ടിയും മാതാപിതാക്കളും സ്റ്റേഷനിലെത്തി. മൊഴി രേഖപ്പെടുത്താനാകും വിളിച്ചതെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാൽ, പൊലീസ് സ്റ്റേഷനിൽ പരാതി ഒപ്പിടാനെന്ന വ്യാജേന വിളിച്ചുവരുത്തി വ്യാജ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
17കാരനെയും സുഹൃത്തുക്കളെയും കടയുടെ മുന്നിൽ നിന്നും പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |