തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രമാക്കി കൊല്ലം വരെ നീളുന്ന വ്യവസായ വികസന ഇടനാഴി സ്ഥാപിക്കുന്നതിന് കിഫ്ബിയുടെ കീഴിൽ പ്രത്യേക കമ്പനി രൂപീകരിക്കും. ഇതിനുള്ള നിർദ്ദേശങ്ങളായി. നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം അടുത്ത മന്ത്രിസഭായോഗം കമ്പനി രൂപീകരണത്തിന് അനുമതി നൽകുന്നത് പരിഗണിക്കും. കിഫ്ബിയുടെ രജതജൂബിലി വർഷത്തിൽ ഏറ്റെടുക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യവികസനപദ്ധതിയായിരിക്കും ഇത്.
വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതിയുടെ പേരിൽ പ്രത്യേക പേരിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്ന നിലയിലാണ് കമ്പനി രൂപീകരിക്കുക. ടെക്നോപാർക്ക് മാതൃകയിലാണ് കമ്പനിയെങ്കിലും ഇതിന്റെ പങ്കാളികൾ രണ്ട് വ്യത്യസ്ത തട്ടിൽ പെടുന്നവരാണ്. ഭൂമി ലീസിന് നൽകുന്നവരുടെ പങ്കാളിത്തവും കമ്പനി നേരിട്ട് ഏറ്റെടുക്കുന്ന ഭൂമി നിക്ഷേപമായി കണക്കിലെടുത്ത് അവർക്ക് നൽകുന്ന പങ്കാളിത്തവുമാണിത്. ആയിരം കോടിരൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് കഴിഞ്ഞ കിഫ്ബി ബോർഡിൽ അംഗീകാരം നൽകി. സംസ്ഥാന മന്ത്രിസഭ കൂടി അംഗീകരിച്ചാൽ കമ്പനി രജിസ്റ്റർ ചെയ്ത് നിലവിൽ വരും.
ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്‌മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈപദ്ധതി തെക്കൻ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ ഒതുങ്ങാതെ, തീരപ്രദേശങ്ങളെയും മധ്യ മേഖലയെയും മലയോര മേഖലയെയും പ്രധാന റോഡ് റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കി കേരളത്തിന്റെ സമ്പൂർണ്ണ വികസനമാണ് ലക്ഷ്യംവയ്ക്കുന്നത്. ഭൂമി കണ്ടെത്തലുകളും അതിനാവശ്യമായ പഠനങ്ങളും സമാന്തരമായി നടന്നുവരികയാണെന്ന് കിഫ്ബി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |