
ദുബായ്: അഭ്യൂഹങ്ങൾക്കൊടുവിൽ 226 കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന്റെ ചിത്രവും കൂടുതൽ വിവരങ്ങളും പുറത്തുവിട്ട് യുഎഇ ലോട്ടറി അധികൃതർ. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്രവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ജേതാവിന് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട അനിൽകുമാർ ബി. എന്ന പേരിലൂടെ ഭാഗ്യശാലി ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ചിരുന്നു. പേരിലെ കേരളീയത ഭാഗ്യവാനൊരു മലയാളിയാകാമെന്നും സംശയം ഉയർത്തി.
എന്നാൽ, സകല ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് ദുബായ് ലോട്ടറി അധികൃതർ അനിൽകുമാർ ബി ആരാണെന്ന പൂർണവിവരം പുറത്തുവിട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശു കാരനായ അനിൽകുമാർ ബൊള്ളയാണ് ആ ഭാഗ്യശാലി. അബുദാബിയിൽ താമസിക്കുന്ന 29 വയസുകാരനായ ഇന്ത്യൻ പ്രവാസിയാണ് അനിൽകുമാർ ബൊള്ള. ഈ മാസം 18ന് ദുബായ് ലോട്ടറിയായ ലക്കി ഡേയുടെ 23-ാമത് നറുക്കെടുപ്പിലാണ് യുവാവിനെ തേടി ഭാഗ്യം എത്തിയത്.
വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലോട്ടറി അടിച്ചത് അറിയിച്ചുകൊണ്ടുളള ഫോൺ കോൾ അനിൽകുമാറിനെ തേടിയെത്തിയത്. വാർത്ത കേട്ട് ഞെട്ടിയ അദ്ദേഹത്തിന് തന്റെ സന്തോഷം അടക്കാനായില്ലെന്ന് ലോട്ടറി ഓപ്പറേറ്റർ പറയുന്നു. ദുബായ് ലോട്ടറിയിൽ നിന്ന് കോൾ വന്നപ്പോൾ അത് യാഥാർത്ഥ്യമല്ലെന്ന് തനിക്ക് തോന്നിയെന്നും സന്ദേശം വീണ്ടും ആവർത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെന്നും അനിൽകുമാർ ബൊള്ള പ്രതികരിച്ചു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. തന്റെ ഭാഗ്യത്തിന് പിന്നിൽ അമ്മയുടെ അനുഗ്രഹം ഉണ്ടെന്നാണ് അനിൽകുമാർ വിശ്വസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |