
തിരുവനന്തപുരം: സംസ്കൃത ഭാഷയിൽ പ്രാവീണ്യമില്ലാത്ത എസ്.എഫ്.ഐ നേതാവായ വിപിൻ വിജയന് സംസ്കൃതത്തിൽ പിഎച്ച്.ഡി നൽകാൻ കേരള സർവകലാശാലയിൽ ശുപാർശ. നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ശുപാർശ പരിഗണിക്കാനിരിക്കെ എതിർപ്പ് അറിയിച്ച് ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് കത്തു നൽകി. ഭാഷയറിയാത്ത വിദ്യാർത്ഥിക്ക് പിഎച്ച്.ഡി നൽകാനുള്ള ശുപാർശ തടയണമെന്നാണ് ആവശ്യം.
സംസ്‌കൃത സർവകലാശാലയിൽ നിന്ന് ബിരുദവും പി.ജിയും നേടിയിട്ടുള്ള വിപിൻ കാര്യവട്ടം ക്യാമ്പസിലെ റിസർച്ചേഴ്സ് യൂണിയൻ ഭാരവാഹിയാണ്. പിഎച്ച്.ഡി നൽകുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. അലഹാബാദ് സർവകലാശാലയിലെ സംസ്കൃത പ്രൊഫസറായ അനിൽ പ്രതാപ് ഗിരി, ഗൈഡായ ഡോ.സി.എ.ഷൈല എന്നിവരും ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തു. ഓപ്പൺ ഡിഫൻസ് ഗവേഷകനും കൂട്ടാളികളും ഹൈജാക്ക് ചെയ്തെന്നും അലങ്കോലമാക്കിയെന്നും ഡീനിന്റെ കത്തിൽ ആരോപിക്കുന്നു.
പ്രബന്ധം സംബന്ധിച്ച് ഒരു ചോദ്യത്തിനുപോലും വിദ്യാർത്ഥിക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് ഡീനിന്റെ കത്തിലുണ്ട്. ഓൺലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാർത്ഥി ഫോണിൽ നിന്ന് കട്ടാക്കി. വീണ്ടും ചോദിക്കാനുള്ള അവസരം നിഷേധിച്ചു. വിദ്യാർത്ഥിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നു ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ചട്ടമ്പിസ്വാമികളെ കുറിച്ച് ‘സദ്ഗുരു സർവസ്വം- ഒരു പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രബന്ധം.
പ്രബന്ധത്തിൽ ദുരൂഹത
കൃത്യമായി ഒരു ചോദ്യത്തിനുപോലും മറുപടി നൽകാത്ത വിദ്യാർത്ഥി ഇംഗ്ലീഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ടെന്നും ഓപ്പൺ ഡിഫൻസിൽ ഡോക്ടറൽ കമ്മിറ്റി ചെയർപേഴ്സൺ എന്നനിലയിൽ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തിൽ പറയുന്നു. ഇതടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വി.സിക്ക് നിവേദനം നൽകി.
വ്യക്തി വിരോധമെന്ന് വിദ്യാർത്ഥി
തന്നോട് അദ്ധ്യാപികയ്ക്കുള്ള വ്യക്തി വിരോധമാണ് കത്തിന് പിന്നിലെന്ന് ആരോപിച്ച് വിദ്യാർത്ഥി വി.സിക്ക് പരാതി നൽകി. അതിനിടെ വിഷയത്തിൽ അന്വേഷണത്തിന് വി.സി ഉത്തരവിട്ടു. റിസർച്ച് ഡയറക്ടറും രജിസ്ട്രാറും അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |