
തിരുവനന്തപുരം: പിഎം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ ബിജെപി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ. ചരിത്രപരമായ മണ്ടത്തരമായി ഇതിനെ സമൂഹം വിലയിരുത്തും. പ്രധാനമന്ത്രിയോടുള്ള വൈരാഗ്യം മൂലമാണ് പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുന്നത്. രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോയെന്ന് മലയാളികൾ ചിന്തിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
സിപിഐ മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ നിന്ന് സിപിഎം പിൻമാറുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്ത് നൽകുമെന്നാണ് വിവരം. കേന്ദ്രത്തിന് കത്ത് നൽകാൻ സിപിഎം ഇടപെട്ട് ധാരണയായി. പദ്ധതിയിൽ സമവായം ഉണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് സിപിഎം നിലപാട് മയപ്പെടുത്തിയത്. പദ്ധതിയിൽ ഇളവ് നൽകണോ എന്നുള്ള കാര്യം കേന്ദ്രമാണ് തീരുമാനമെടുക്കുക.
പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന നടത്താൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴംഗ ഉപസമിതിയുടെ റിപ്പോർട്ട് വരും വരെ പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ കത്തുമുഖേന അറിയിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അദ്ധ്യക്ഷനായി നിയോഗിക്കും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ എന്നിവരും കമ്മിറ്റിയിലുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |