ആലുവ: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ (41) ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു.
ആലുവ രാജഗിരി ആശുപത്രിയിലെ തുടർചികിത്സ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽമുറിച്ചുമാറ്റിയിരുന്നു. അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ ബാധിച്ച് കഴിഞ്ഞവർഷം മരിച്ചു. നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ.
നിസഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരെ വിളിച്ച് ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.
ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. രക്തയോട്ടം പൂർണമായും തടസപ്പെടുകയും അസ്ഥികൾക്ക് ഒടിവുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേക്കലിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാക്കി. ഒടിഞ്ഞ അസ്ഥികളും ഏകദേശം പൂർണരൂപത്തിലാക്കി. സന്ധ്യയുടെ ജീവൻരക്ഷിക്കുന്നതിനായി മുട്ടിന് മുകളിൽ വച്ച് നീക്കംചെയ്യേണ്ടതായി വന്ന ഇടത്തേക്കാലിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ തുടർ ചികിത്സ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |