
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുളള സിപിഐ നേതാക്കളുടെ വിമർശനത്തിൽ വൈകാരിക പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി ജി ആർ അനിൽ സിപിഐ ഓഫീസിന് മുന്നിൽ വച്ച് തന്നെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. അനിലിന്റേത് പുച്ഛം കലർന്ന പരിഹാസമായിരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.
'ഒരു മുന്നണിക്ക് ശരിയായാലും തെറ്റായാലും ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകാറുണ്ട്. പ്രതിപക്ഷത്തുനിന്നുപോലും ഉണ്ടാകാത്ത വിമർശനങ്ങൾ സ്വന്തം മുന്നണിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അതിൽ വിഷമം തോന്നിയിട്ടുണ്ട്. രണ്ടുപ്രാവശ്യം അവർ എന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഈ വിഷയത്തിൽ അനിലുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ഞാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്നാൽ അനിൽ എന്നെ പുച്ഛിക്കുന്ന തരത്തിലാണ് മാദ്ധ്യമങ്ങൾക്ക് മറുപടി നൽകിയത്. ഇതെല്ലാം ഒഴിവാക്കേണ്ട കാര്യമാണ്. എന്നാൽ മാത്രമേ നേതാക്കൾ തമ്മിലുളള ബന്ധം ദൃഢമാകുകയുളളൂ. ഇല്ലാതെ എന്തെങ്കിലുമുണ്ടാകുമ്പോൾ ചവിട്ടിതാഴ്ത്തുന്ന സമീപനം നല്ലതല്ല. ഇതെല്ലാം വിഷമം ഉണ്ടാക്കിയതാണ്.
ഓഫീസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനിൽ പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തന്‍ ഓഫീസില്‍ വന്നതുപോലെ പുച്ഛത്തോടെയാണ് പെരുമാറിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ല. എഐഎസ്എഫും എഐവൈഎഫും എന്റെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ല '- ശിവൻകുട്ടി പറഞ്ഞു.
അതേസമയം, ശിവൻകുട്ടിയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി ജി ആർ അനിലും രംഗത്തെത്തി. താൻ ഒരിക്കലും മോശപ്പെടുത്തുന്ന വാക്കുകൾ പറയുന്ന ആളല്ലെന്നും ശിവൻകുട്ടിയുമായി കോളേജ് വിദ്യാഭ്യാസം മുതലുളള ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവൻകുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതൽ ശിവൻകുട്ടിയെ പരിചയമുണ്ടെന്നും അനിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |