
തിരുവനന്തപുരം: ശ്രീഹരിക്കോട്ടയിൽ നിന്ന് ഞായറാഴ്ച 4.4 ടൺ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 7 ആർ കുതിച്ചുയരുമ്പോൾ, ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണമെന്ന ചരിത്രം കുറിക്കും.
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എൽ.വി.എം.3 റോക്കറ്റാണ് ഈ ദൗത്യം നിർവഹിക്കുന്നത്. ഇതാദ്യമായാണ് ഇത്രയേറെ ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്ന് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്നത്. നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങൾ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സ്പെയ്സ് സ്റ്റേഷനിൽ നിന്ന് ഏരിയൻ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപിക്കാറുള്ളത്.
ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 (സി.എം.എസ്.03) നിർമ്മിച്ചത് .നാവികസേനയുടെ സേവനത്തിനാണ് സി.എം.എസ്.03 പ്രധാനമായും ഉപയോഗിക്കുക. ജി.സാറ്റ് 7ൽ ലഭ്യമായതിനേക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഇതിലുണ്ട്. അതീവശേഷിയുള്ള ഡാറ്റാ കൈമാറ്റം സാദ്ധ്യമാക്കുന്നതാണ് യു.എച്ച്.എഫ്,എസ്,സി,കു,ബാൻഡ് ട്രാൻസ്പോണ്ടറുകൾ,ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് മാത്രമായി കൈമാറാൻ ഉപഗ്രഹത്തിനാകും.
ഈ വർഷം നടത്തിയ എൻ.വി.എസ്–2, ഇ.ഒ.എസ്–9 വിക്ഷേപണങ്ങൾക്കുണ്ടായ അപ്രതീക്ഷിത പരാജയങ്ങൾ കണക്കിലെടുത്ത് വൻ മുന്നൊരുക്കങ്ങളാണ് ശ്രീഹരിക്കോട്ടയിൽ നടക്കുന്നത്.
വിദേശ ഉപഗ്രഹങ്ങളെ
ഇനി ആശ്രയിക്കില്ല
# വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ പ്രതിരോധ വാർത്താവിനിമയത്തിന് ഇന്ത്യയുടെ സ്വന്തം സംവിധാനം ഉപയോഗിക്കാമെന്നതാണ് പ്രധാന നേട്ടം. അതിനാൽ ദേശസുരക്ഷയിൽ അതീവ നിർണായകമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡവും അതിന് ചുറ്റുമുള്ള സമുദ്രഭാഗങ്ങളും നിരീക്ഷണ പരിധിയിൽ വരും. ഏഴുവർഷമാണ് കാലാവധി. സിവിൽ സേവന മേഖലയിൽ
മാരിടൈം ആവശ്യങ്ങൾക്കും ദുരന്ത നിവാരണത്തിനും പ്രയോജനപ്പെടുത്തും.
# നാവിക സേനയുടെ കരയിലുള്ള വിവിധ കമാൻഡ് സെന്ററുകളും വിമാനവാഹനി കപ്പലുകൾ ഉൾപ്പെടെയുള്ള കപ്പൽ വ്യൂഹങ്ങളും തമ്മിലും വിമാനങ്ങളും കപ്പലുകളുമായും അന്തർവാഹിനികളുമായും വിവരങ്ങൾ കൈമാറാൻ ഇതിനാകാം. വ്യോമസേന,നാവികസേന,കരസേന എന്നിവ തമ്മിലുളള ഏകോപനത്തിനും പ്രയോജനപ്പെടുത്താനാവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |