
പാലക്കാട്: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളെ കാത്തുകിടക്കുന്നത് 126.54 കോടിയുടെ നിക്ഷേപം. അവകാശികളില്ലാത്ത 5.76 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുകയുള്ളത്. ദേശസാത്കൃത ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായാണ് ഈ അക്കൗണ്ടുകൾ. 10 വർഷത്തിലേറെയായി ഇടപാടുകളൊന്നും ഇല്ലാതെ കിടക്കുന്ന അക്കൗണ്ടുകളെയാണ് അവകാശികളില്ലാത്ത അക്കൗണ്ടുകളായി കണക്കാക്കുന്നത്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം അക്കൗണ്ടുകളിൽ കേരളത്തിൽ മാത്രം അവകാശികളില്ലാതെ കിടക്കുന്നത് 2,133.72 കോടി രൂപയാണ്. ഇന്ത്യയിലെ ആകെ കണക്കെടുത്താൽ 1.82 ലക്ഷം കോടി രൂപയ്‌ക്ക് ഇപ്പോഴും അവകാശികളില്ല.
സാധാരണയായി നിക്ഷേപകർ മരണപ്പെട്ടുപോവുകയും അവരുടെ അവകാശികൾക്ക് (ബാങ്ക് നോമിനി) നിക്ഷേപത്തെക്കുറിച്ച് അറിവില്ലാതെ വരികയും ചെയ്യുന്ന അവസരങ്ങളിലാണ് അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടാതെയാകുന്നത്. നിക്ഷേപകർ വിദേശത്ത് പോയി മടങ്ങിവരാത്ത സാഹചര്യങ്ങളിലും ഇങ്ങനെ സംഭവിക്കാം. കോവിഡിന് ശേഷമാണ് അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്. ഈ അക്കൗണ്ടുകളിലെ അവകാശികളെ കണ്ടെത്തുന്നതിനായി റിസർവ് ബാങ്ക് വെബ് പോർട്ടൽ പുറത്തിറക്കിയിരുന്നു. ഈ പണം അർഹതപ്പെട്ട അവകാശികൾക്ക് തിരികെ നൽകുന്നതിനായി രാജ്യ വ്യാപകമായി കാംപെയ്‌ൻ നടത്തുന്നുണ്ട്. നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരിലാണ് കാംപെയ്‌ൻ നടക്കുന്നത്.
പാലക്കാട് ജില്ലയിലെ ബാങ്ക് നിക്ഷേപങ്ങളലെ അവകാശികളെ കണ്ടെത്തുന്നതിനായി നവംബർ പത്തിനു ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം നടത്തും. ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാകും യോഗം. നിക്ഷേപങ്ങളുടെ അവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാകുന്നവർക്ക് പണം ലഭ്യമാക്കുന്നതിനായി ചെയ്യേണ്ട നടപടി ക്രമങ്ങൾ എന്തൊക്കെയെന്ന് നിർദ്ദേശം നൽകും. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ,പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്രറസി സെന്ററുകൾ എന്നിവയുടെ സഹായ കേന്ദ്രങ്ങളുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |