
തൊടുപുഴ: വാർത്തകളുടെ കാര്യത്തിൽ പുലർത്തുന്ന കാഴ്ചപ്പാടുകളുടെ വ്യത്യാസമാണ് കേരളകൗമുദിയെ ജനങ്ങളുടെ പ്രിയ പത്രമാക്കുന്നതെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി മലയാളിക്ക് അക്ഷര പുണ്യമേകിയ കേരളകൗമുദിയുടെ കോട്ടയം എഡിഷൻ ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയായതിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാതല ആഘോഷമായ 'രജതോത്സവം" തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി ഒരിക്കലും വിദ്വേഷം വളർത്താനോ വിവാദം ഊട്ടിയുറപ്പിക്കാനോ ശ്രമിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും വികസനത്തിനു വേണ്ടി ശബ്ദമുയർത്തുന്ന പത്രമാണ്. നമ്മുടെ നാട്ടിൽ സഖാവ് എന്ന് പറഞ്ഞാൽ പി. കൃഷ്ണ പിള്ളയാണ്. ലീഡർ എന്നു പറഞ്ഞാൽ കെ. കരുണാകരൻ ആണ്. അതുപോലെ പത്രാധിപർ എന്നു പറഞ്ഞാൽ കെ. സുകുമാരൻ ആണ്. അങ്ങനെ പത്രധർമ്മവുമായി അഭേദ്യ ബന്ധം പുലർത്തുന്ന പ്രസ്ഥാനമായതിനാലാണ് കേരളകൗമുദിയുടെ പിന്നിൽ എല്ലാവരും അണിനിരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രാധിപരുടെ കാലം മുതൽ ഇന്നു വരെ പത്രധർമ്മം നിർവഹിക്കാൻ കേരളകൗമുദിക്ക് കഴിയുന്നുണ്ട്. സത്യത്തെ അനാവരണം ചെയ്യുകയെന്ന പവിത്രമായ പ്രക്രിയയാണ് കേരളകൗമുദി ചെയ്യുന്നത്. മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 114 വർഷത്തിലേറെ പാരമ്പര്യമുള്ള കേരളകൗമുദിയുടെ പ്രവർത്തനം കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രസംഗം നടത്തി. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ, സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീതാവിശ്വനാഥൻ എന്നിവർ സംസാരിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സ്വാഗതം പറഞ്ഞു. നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിട്ട പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് കേരളകൗമുദിയുടെ ഉപഹാരം ഗവർണർ നൽകി.
മികവിന് ആദരം
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വൈസ് ചെയർപേഴ്സൺ ഗീത സരേഷ് അദ്വാനി, കുമളി നിർമൽ ബയോജൻ ടെക്‌നോളജി മാനേജിംഗ് ഡയറക്ടർ ഡോ. വി.ആർ. രാജേന്ദ്രൻ, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഗണിതശാസ്ത്ര വിഭാഗം മേധാവി റോയി തോമസ് കടപ്ലാക്കൽ, ഓർത്തോപീഡിക് സർജൻ ഡോ. സി.പത്മകുമാർ, വിദ്യാഭ്യാസ വിചക്ഷണനും സംരംഭകനുമായ ഡോ. കെ. സോമൻ, ഏലം കർഷകനും ഖാദി ഗ്രാമവ്യവസായ കമ്മിഷൻ അംഗവുമായ ബിനു ഇലവുംമൂട്ടിൽ, പൊൻകുന്നം എസ്.ഡി.യു.പി.എസ് മാനേജർ മോഹനൻ നായർ, മികച്ച ക്ഷീരകർഷകൻ കെ.ബി. ഷൈൻ, മികച്ച ക്ഷീര വികസന ഓഫീസർ എം.പി. സുധീഷ് എന്നിവർ കേരളകൗമുദിയുടെ ഉപഹാരം പശ്ചിമബംഗാൾ ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. അയർക്കുന്നം ക്രിസ്തുരാജ് ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. എം.സി. സിറിയക്കിനെക്കുറിച്ച് കേരളകൗമുദി പുറത്തിറക്കുന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദും സംഘവും അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |