
കണ്ണൂർ: നടൻ മമ്മൂട്ടിയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് 'നാളെയും അതവിടെ കണ്ടാൽ മതിയായിരുന്നു' എന്നാണ് ശശികല സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഇന്നലെയാണ് മമ്മൂട്ടിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശി എ.ജയകുമാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ചിത്രം നൽകി സ്വീകരിച്ചു. മമ്മൂട്ടിക്കുവേണ്ടി മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായിരുന്നു പൊന്നുംകുടംവച്ച് തൊഴൽ.
എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെയാണ് കേരളത്തിൽ തിരിച്ചെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ താരത്തെ സ്വീകരിക്കാൻ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്.
കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയി.
വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. നിറയെ ആരാധകരും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |