നിമിഷ സജയൻ ജയസൂര്യയുടെ നായികയാകുന്നു. ക്യാപ്ടന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന വെള്ളം എന്ന ചിത്രത്തിലാണ് നിമിഷ ജയസൂര്യയുടെ നായികയാകുന്നത്.
നവംബർ ഒന്നിന് തളിപ്പറമ്പിൽചിത്രീകരണം ആരംഭിക്കുന്ന വെള്ളത്തിൽ സിദ്ദിഖ്, അജുവർഗീസ്, നിർമ്മൽ പാലാഴി തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഫ്രണ്ട്ലി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം അടുത്ത ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.
സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥാകൃത്താകുന്ന തൃശൂർപൂരം എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണത്തിൽ പങ്കെടുത്തു വരികയാണ് ജയസൂര്യ ഇപ്പോൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനനാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ സൂഫിയും സുജാതയും കത്തനാരുമാണ് ജയസൂര്യയുടെ മറ്റ് പുതിയ പ്രോജക്ടുകൾ.
ഷാനിൽ മുഹമ്മദിനോടൊപ്പം ചേർന്ന് ജയസൂര്യയെ നായകനാക്കി ഫിലിപ്പ് ആൻഡ് ദ മങ്കിപെൻ എന്ന ചിത്രമൊരുക്കിയ റോജിൻ തോമസാണ് ത്രീഡിയിലൊരുങ്ങുന്ന കത്തനാരുടെ സംവിധായകൻ. നിരൂപകപ്രശംസ നേടിയ കാരി എന്ന ചിത്രത്തിനുശേഷം നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിൽ അദിതി റാവുവാണ് ജയസൂര്യയുടെ നായിക.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന നാല്പത്തിയൊന്ന്, വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് എന്നിവയാണ് നിമിഷയുടെ അടുത്ത റിലീസുകൾ. രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻപോളി ചിത്രമായ തുറമുഖമാണ് നിമിഷ ഒടുവിൽ അഭിനയിച്ച് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |