
തിരുവനന്തപുരം: നെയ്യാർ റിസർവോയറിലെ കൂട് മത്സ്യക്കൃഷി ആഗോള ശ്രദ്ധയാകർഷിക്കുന്നു.കൂട് മത്സ്യക്കൃഷിയിൽ ലഭിച്ച കരിമീനും വരാലും കടൽ കടന്ന് യു.കെയിലെത്തിയതോടെയാണ് തദ്ദേശീയർക്കായി നടപ്പിലാക്കിയ പദ്ധതി ഹിറ്റായത്.
മത്സ്യബന്ധനം ഉപജീവനമാർഗമായിരുന്ന ഗോത്ര വിഭാഗങ്ങൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിലാണ് റിസർവോയറുകളിൽ കൂട് മത്സ്യക്കൃഷി നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാർട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെന്റ് ഇൻ സെലക്ടഡ് റിസർവോയേഴ്‌സ് ഒഫ് കേരള പദ്ധതി പ്രകാരം നെയ്യാർ,പീച്ചി,ഇടുക്കി റിസർവോയറുകളിൽ മത്സ്യക്കൃഷി നടപ്പിലാക്കാൻ തീരുമാനിച്ചു.
പി.എം.എം.എസ് വൈയിൽ ഉൾപ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്. മത്സ്യബന്ധന വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഒഫ് അക്വാകൾച്ചർ കേരള (എ.ഡി.എ.കെ) എന്ന സ്ഥാപനം മുഖേന നടപ്പിലാക്കിയ പദ്ധതിയിൽ പുരവിമല സെറ്റിൽമെന്റിലെ 14 പേർക്ക് തൊഴിൽ ലഭിച്ചു.
മത്സ്യക്കൂട്
ആറ് മീറ്റർ നീളവും നാല് മീറ്റർ ഉയരവും നാല് മീറ്റർ വീതിയുമുള്ള 100 ഹൈ ഡെൻസിറ്റി പോളി എത്തിലീൻ (എച്ച്.ഡി.പി.ഇ) ഫ്ളോട്ടിംഗ് കൂടുകളാണ് കഴിഞ്ഞ വർഷം ജൂണിൽ നെയ്യാറിൽ സ്ഥാപിച്ചത്. ഇതിൽ സോളാർ വിളക്കുകളും 16 സി.സിടിവി ക്യാമറകളും സംഭരണമുറി,വിശ്രമമുറി,സ്റ്റോർമുറികൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബോട്ടും വള്ളങ്ങളും മത്സ്യബന്ധന വലകളും ഗുണഭോക്താക്കൾക്ക് നൽകിയിട്ടുമുണ്ട്. വിളവെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി ഓരോ കാരിയർ വാഹനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.
നേട്ടം മാത്രം
ബുധൻ ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും ഇവിടെനിന്ന് മത്സ്യം വാങ്ങാം.ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് വില.തദ്ദേശവാസികൾക്ക് ആവശ്യമുള്ളത് കഴിഞ്ഞുള്ള മത്സ്യം കയറ്റി അയച്ചാലോ എന്ന ആശയത്തിനു പിന്നാലെ യു.കെ.യിലേക്ക് സാമ്പിൾ അയക്കുകയും ഗുണനിലവാര പരിശോധനയെ തുടർന്ന് 500 കിലോഗ്രാം വീതമുള്ള കൺസൈൻമെന്റുകളായി കയറ്റുമതി ചെയ്യുന്നതിന് ഓർഡർ ലഭിക്കുകയും ചെയ്തു. ഇതിനോടകം അഞ്ചു ടണ്ണിൽ അധികം മത്സ്യം കയറ്റി അയക്കുകയും വിൽക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |