
പൂവാർ: തീരപ്രദേശത്ത് മത്സ്യം കഴിച്ചവർക്ക് വിഷബാധയേറ്റ് 30ഓളം പേർ ചികിത്സതേടിയ സംഭവം അധികൃതരുടെ അനാസ്ഥയെന്ന ആക്ഷേപം ശക്തമാകുന്നു. വയറുവേദന, വയറിളക്കം, ഛർദ്ദി, തലവേദന തുടങ്ങിയ രോഗങ്ങളുമായി പ്രദേശവാസികൾ ആശുപത്രികൾ കയറിയിറങ്ങുകയാണ്. രാസ പദാർത്ഥങ്ങൾ മുക്കിയ പഴക്കംചെന്ന, ചെമ്പല്ലി ഇനത്തിൽപ്പെട്ട മത്സ്യം കഴിച്ചവർക്കാണ് രോഗ ലക്ഷണങ്ങളുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതരും പറയുന്നു. കരുംകുളം പള്ളത്തെ മീൻവിൽപ്പന കേന്ദ്രത്തിൽ നിന്ന് അഴുകിയ മത്സ്യങ്ങൾ വാങ്ങി വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നുണ്ട്. ഇത്തരം മത്സ്യം വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്.
രാസമാലിന്യങ്ങൾ കലർത്തി മത്സ്യവിപണനം നടത്തുന്ന പള്ളം ഫിഷ് മാർക്കറ്റ് അടച്ചുപൂട്ടാൻ
ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. കരുംകുളം പഞ്ചായത്തിന്റെ പെർമിഷനോ, ആരോഗ്യവകുപ്പിന്റെ അനുവാദമോ ഇല്ലാതെയാണ് വർഷങ്ങളായി മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതി ഉത്തരവുണ്ട്.എന്നാൽ പഞ്ചായത്തും പൊലീസും ജാഗ്രത പുലർത്താത്തതാണ് കാര്യങ്ങൾ രൂക്ഷമാക്കുന്നതെന്നാണ് ആക്ഷേപം.
ചെക്ക് പോസ്റ്റുകളിൽ
പരിശോധനയില്ലാതെ
ഗോവ,ആന്ധ്ര,കർണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് കണ്ടെയ്നർ ലോറികളിൽ മാസങ്ങൾ പഴക്കമുള്ള മത്സ്യം ഫോർമാലിൻ ഉൾപ്പെടെ രാസവസ്തുക്കൾ ഉപയോഗിച്ച് പള്ളം ഫിഷ് മാർക്കറ്റിലെത്തിക്കും. തമിഴ്നാട് അതിർത്തി കടന്നെത്തുന്ന ലോറികൾ പൂവാർ-ആറ്റുപുറം, തിരുപുറം-മാവിളകടവ് എന്നീ ചെക്ക് പോസ്റ്റുകളിൽ പരിശോധനയില്ലാതെയാണ് പള്ളത്ത് എത്തിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ മീനുകളാണ് ദിനംപ്രതി വിറ്റഴിക്കുന്നത്. ദിവസവും പുലർച്ചെ 5ന് ആരംഭിക്കുന്ന മത്സ്യലേലം രാവിലെ 8ന് അവസാനിക്കും. കച്ചവടക്കാർ ഇവിടെ നിന്നും വാങ്ങുന്ന മായം കലർത്തിയ മത്സ്യം പുതിയതുറ,പുല്ലുവിള,കാഞ്ഞിരംകുളം,പുത്തൻകട പഴയകട,നെയ്യാറ്റിൻകര,കാട്ടാക്കട,വെങ്ങാനൂർ, കട്ടച്ചൽക്കുഴി,ഊരവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചന്തകളിൽ വിറ്റഴിക്കും.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ല
ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ കാഞ്ഞിരംകുളം പൊലീസിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാ വിഭാഗം,പുല്ലുവിള സർക്കാർ ആശുപത്രി, കരുംകുളം പഞ്ചായത്തിലെ ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ച സാമ്പിളിന്റെ പരിശോധനാഫലം വരുന്ന മുറയ്ക്ക് കൂടുതൽ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. എന്നാൽ അനധികൃതമായി പ്രവർത്തിക്കുന്ന പള്ളം മത്സ്യമാർക്കറ്റ് പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ തയ്യാറാകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |