
2015 ഓഗസ്റ്റ് 15. കാഞ്ഞിരത്തിനാൽ പരേതരായ ജോർജ് ഏലിക്കുട്ടി ദമ്പതികളുടെ മകൾ ട്രീസ, ഭർത്താവായ ജെയിംസിനൊപ്പം വയനാട് കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിനായി ഇറങ്ങുമ്പോൾ ഇരട്ട മക്കളായ ബിപിനും നിഥിനും അവർക്കൊപ്പം കൂടി. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്തിനടുത്ത് ചാത്തൻകോടുനട സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥികളായിരുന്നു ഇരുവരും. മാതാപിതാക്കൾക്കൊപ്പം സമരത്തിനിരിക്കുമ്പോൾ തൊട്ടടുത്ത എസ്.കെ.എം.ജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്വാതന്ത്യ ദിന പരേഡ് നടക്കുകയായിരുന്നു. തങ്ങൾ നടത്തുന്നതും ഒരു സ്വാതന്ത്യസമര പോരാട്ടമെന്ന തോന്നൽ കുട്ടികളിലുമുണ്ടായി. ജനിച്ച മണ്ണിൽ അധികൃതർ നിഷേധിച്ച അവകാശം സ്ഥാപിച്ചെടുക്കാനായി അവർ ആ മാതാപിതാക്കൾക്കൊപ്പം നിന്നു. ഇന്ന് ആ സമരം പത്തുവർഷം പിന്നിട്ടു! ബിപിനും നിഥിനും വയസ് 22. ജീവിതം സമരപന്തലിലായതിനാൽ വിദ്യാഭ്യാസവും മുടങ്ങി. അന്ന് കെട്ടിയ സമര പന്തൽ കാലപ്പഴക്കത്താൽ ജീർണ്ണിച്ചു. ജെയിംസിന് നരയും ബാധിച്ചു, ഒപ്പം മാറാ രോഗങ്ങളും. പക്ഷെ സമരപോരാട്ട വീര്യത്തിന് ഒട്ടും കുറഞ്ഞില്ല. കൊവിഡും പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തങ്ങൾ വയനാട്ടിലൂടെ കടന്നുപോയി. ആദ്യമൊക്കെ സമരപന്തലിൽ കയറി അഭിവാദ്യമർപ്പിച്ചവർ ഇന്ന് കാണുമ്പോൾ മുഖം തിരിച്ച് നടക്കുന്നു. അല്ലെങ്കിൽ തിരക്ക് അഭിനയിക്കുന്നു. ജെയിംസും കുടുംബവും എല്ലാം തിരിച്ചറിയുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിൽ നടന്ന ഗൂഢാലോചനകളുടെ ഇരകളാണിവർ.
എന്താണ് ഇവരുടെ പ്രശ്നനം?
കാഞ്ഞിരത്തിനാൽ ജോസ് കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്ന് 1967-ൽ വിലയ്ക്കു വാങ്ങിയതാണ് കാഞ്ഞിരങ്ങാട് വില്ലേജിലെ (പഴയ തൊണ്ടർനാട് വില്ലേജ്) 12 ഏക്കർ കൃഷിഭൂമി. ഇതിൽ ആറേക്കർ 1972 സെപ്തംബർ 4ന് ജോസ് ജ്യേഷ്ഠൻ ജോർജിന് ദാനധാരത്തിലൂടെ കൈമാറി. ഇവരുടെ ഭൂമി 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്)നിയമം ഉപയോഗപ്പെടുത്തി 1976-ൽ വനംവകുപ്പ് പിടിച്ചെടുത്തു. ഇതിനെതിരേ സഹോദരങ്ങളായ ജോർജും ജോസും കേസ് ഫയൽ ചെയ്തു. പിടിച്ചെടുത്തത് വനഭൂമിയല്ലെന്ന് 1978 നവംബർ ആറിന് കോഴിക്കോട് വനം ട്രിബ്യൂണൽ വിധിച്ചു. എങ്കിലും വനംവകുപ്പ് എം.എഫ്.എ 92/79 നമ്പറായി ഹൈക്കോടതിയിൽ അപ്പീൽ നൽകി. 1982 ഡിസംബർ 16ന് ഫോറസ്റ്റ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി കേസ് പുനഃപരിശോധിക്കുന്നതിന് തിരിച്ചയച്ചു. 1983 നവംബർ രണ്ടിനും 1985 ജനുവരി അഞ്ചിനും നേരിട്ടു സ്ഥലപരിശോധന നടത്തിയ ട്രിബ്യൂണൽ കുടുംബത്തിന്റെ കൈവശമുള്ളത് എം.പി.പി.എഫ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭൂമിയാണെന്ന് 1985 ഫെബ്രുവരി 18ന് ഉത്തരവായി. ഇതോടെ ജോസിന്റെയും ജോർജിന്റെയും പേരിലുള്ള ആധാരങ്ങൾ റദ്ദായി.
ട്രിബ്യുണൽ ഉത്തരവിനെതിരേ ഇരുവരുടെയും പേരിൽ ഹൈക്കോടതിയിൽ എം.എഫ്.എ 492/85 നമ്പറായി അപ്പീൽ എത്തി. എം.എഫ്.എ 92/79 നമ്പർ കേസിൽ വനംവകുപ്പിനു വേണ്ടി ഹാജരായ അതേ അഭിഭാഷകനാണ് സഹോദങ്ങൾക്കുവേണ്ടി എം.എഫ്.എ 492/85 നമ്പർ കേസ് ഫയൽ ചെയ്തത്. യാഥാർത്ഥത്തിൽ സഹോദരങ്ങൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നില്ല. ഹൈക്കോടതിയിൽ തങ്ങൾ കക്ഷികളായി കേസ് വന്നത് ഇരുവരും അറിഞ്ഞതുമില്ല. 1991 ഫെബ്രുവരി 18ന് ആദ്യ ഹിയറിംഗിൽ അഭിഭാഷകൻ ഹാജരാകാത്തതിനെത്തുടർന്ന് എക്സ് പാർട്ടി വിധിയുണ്ടായി.
വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കാഞ്ഞിരത്തിനാൽ ജോർജും ഭാര്യ ഏലിക്കുട്ടിയും 2005 നവംബർ 21 മുതൽ ഡിസംബർ 15 വരെ വയനാട് കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി. സമരപ്പന്തൽ സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ഫോറസ്റ്റ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് വാക്കുനൽകി. പ്രശ്നം പരിഹരിക്കുമെന്ന് അക്കാലത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി. അതോടെ ജോർജും ഭാര്യയും സമരം അവസാനിപ്പിച്ചു.
പിന്നീട്, കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കർ ജോസ്, ജോർജ് സഹോദരങ്ങൾക്ക് പതിച്ചുകൊടുക്കാൻ 2006 ഒക്ടോബർ 11ലെ മന്ത്രിസഭായോഗം തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദനായിരുന്നു അക്കാലത്ത് മുഖ്യമന്ത്രി. സഹോദരൻമാരിൽ നിന്നു നികുതി സ്വീകരിക്കാനും 2007 നവംബറിൽ സർക്കാർ ഉത്തരവായി. 1985-ലെ ഫോറസ്റ്റ് ട്രിബ്യുണൽ വിധി നിലനിൽക്കേയായിരുന്നു ഇത്. 2007 നവംബർ 24ന് ഭൂനികുതി അടച്ച കുടുംബം കൃഷിയിറക്കുന്നതിന് ഒരുക്കം തുടങ്ങി. സർക്കാർ ഉത്തരവിനെതിരേ 2008 ജൂൺ 13ന് പരിസ്ഥിതി സംഘടന വൺ എർത്ത് വൺ ലൈഫ് ഹൈക്കോടതിയിൽ 17844 നമ്പർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.1991 ഫെബ്രുവരി 18ലെ ഹൈക്കോടതിയുടെ എക്സ്പാർട്ടി വിധിയും തങ്ങൾ അറിയാതെ എം.എഫ്.എ 492/85 നമ്പറായി അഭിഭാഷകൻ അപ്പീൽ നൽകിയതും കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പരിസ്ഥിതി സംഘടനയുടെ ഹർജിയിൽ കോടതി ഉത്തരവ് കുടുംബത്തിന് അനുകൂലമായിരുന്നില്ല. ഇതേത്തുടർന്ന് വനം ഉദ്യോഗസ്ഥർ കാഞ്ഞിരത്തിനാൽ കുടുംബത്തെ ഭൂമിയിൽനിന്നു ഇറക്കി വിട്ടു. ഈ കേസിൽ വിധി വന്ന ദിവസമായിരുന്നു ജോർജിന്റെ മരണം. ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേതാണെന്നു വ്യക്തമാക്കുന്നതാണ് 2009 ഓഗസ്റ്റ് 17ന് അന്നത്തെ കോഴിക്കോട് വിജിലൻസ് എസ്.പി ശ്രീശുകനും 2016 നവംബർ 17ന് മാനന്തവാടി സബ്കളക്ടർ ശിറാം സാംബശിവറാവു അദ്ധ്യക്ഷനായ മൂന്നംഗ സമിതിയും സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ. 2019-ൽ കെ.ബി. ഗണേഷ്‌കുമാർ അദ്ധ്യക്ഷനായ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി നടത്തിയ തെളിവെടുപ്പിലും ഭൂമിയിൽ വനംവകുപ്പിന് അവകാശമില്ലെന്നു തെളിഞ്ഞു.
വനംവകുപ്പിന്റേത്
തെറ്റായ നടപടിയോ?
2023 ജൂലായ് 31ന് മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന പരാമർശമുണ്ട്. വനംവകുപ്പിന്റെ തെറ്റായ നടപടികളാണ് കുടുംബം നേരിടുന്ന ദുര്യോഗത്തിനു കാരണമെന്നും കമ്മീഷൻ ആക്ടിംഗ് അദ്ധ്യക്ഷനും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബത്തിന്റേതായിരുന്ന 11.25 ഏക്കർ കൃഷിയിടമാണ് വനംവകുപ്പ് പിടിച്ചെടുത്തതെന്നു 2021 ജനുവരി 23ന് അന്നത്തെ വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ള റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്കു അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കുടുംബാംഗങ്ങളെ നേരിൽ കേൾക്കുകയും 2025 ഏപ്രിൽ 21ന് ഭൂമി സന്ദർശിക്കുകയും ചെയ്ത നിലവിലെ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മേയ് 28ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഭൂമി പ്രശ്നത്തിൽ അടിയന്തര ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്തു.
കുടുംബം അവകാശവാദം ഉന്നയിക്കുന്നതടക്കം കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നമ്പർ 238/1ൽ പലഭാഗങ്ങളിലായി 27.60 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തായി മുൻ കളക്ടർ ഡോ. രേണുരാജ് 2023 നവംബർ 16നും 2024 മേയ് മൂന്നിനും ലാൻഡ് റവന്യൂ കമ്മീഷണർ മുഖേന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുടുംബത്തിന്റേതെന്ന് വാദിക്കുന്ന ഭൂമിയുടെ പടിഞ്ഞാറേ അതിര് തോടും മറ്റ് അതിരുകൾ സ്വകാര്യ കൃഷിഭൂമികളുമാണെന്നും 11.25 ഏക്കറാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഇവരിൽനിന്ന് പിടിച്ചെടുത്ത 12 ഏക്കറിൽ 75 സെന്റ് 1985 ഫെബ്രുവരി 18ലെ കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് സ്വകാര്യ ഭൂമിയായി കണക്കാക്കിയതെന്നു കളക്ടറേറ്റിൽനിന്നുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |