
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ പി ബാബുവാണ് പാർട്ടി വിട്ടത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മാണിക്യമംഗലം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ബാബു മെമ്പറായത്. ഇന്നലെ ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഷാൾ അണിയിച്ചാണ് ബാബുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങളോടൊപ്പം വളർന്നുനിൽക്കാനുള്ള പ്രാപ്തിയിലേക്ക് രാജ്യത്തെ എത്തിച്ച ബിജെപിയുടെ ഭാഗമാകാനുള്ള താൽപര്യമാണ് തന്നെ പാർട്ടിയിൽ എത്തിച്ചതെന്ന് ബാബു പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷൻ എന്ന നിലയിൽ തന്റെ മനസിൽ വളരെ കാലമായി നിലനിൽക്കുന്നുണ്ടെന്നും ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. നവംബർ അഞ്ചിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്വന്തം വാർഡിൽ ഇത്തവണ സ്ത്രീ സംവരണമായതിനാൽ സമീപത്തെ കാവറ വാർഡിൽ മത്സരിക്കാൻ ബാബു താൽപര്യം അറിയിച്ചത് പാർട്ടി അംഗീകരിക്കാത്തതിനാലാണ് ബിജെപിയിലേക്ക് പോയതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു. കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്ന ഇയാൾക്ക് സ്വന്തം വാർഡിൽ പോലും ജനപിന്തുണ കുറഞ്ഞുവരികയാണെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. നിലവിൽ പഞ്ചായത്ത് ഭരണം കോൺഗ്രസിനാണ്. ഒരു അംഗം മാത്രമാണ് ബിജെപിയിൽ നിന്നുളളത്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |