
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസ്. കവടിയാർ വാർഡിലായിരിക്കും അദ്ദേഹം സ്ഥാനാർത്ഥിയാവുക. ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്‌തമംഗലം വനിതാ വാർഡ് ആയതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ നിന്ന് മത്സരിക്കുന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മത്സര രംഗത്തിറക്കണമെന്നാണ് എഐസിസിയുടെ തീരുമാനം. എസ് പി ദീപക്, എസ് എ സുന്ദർ, വഞ്ചിയൂർ ബാബു എന്നിവരാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. വി വി രാജേഷ്, കരമന അജിത് തുടങ്ങിയവരാണ് ബിജെപിയുടെ പട്ടികയിൽ.
ശബരീനാഥൻ കവടിയാറിൽ മത്സരിക്കുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കുമെന്നും മുതിർന്ന നേതാവ് കെ മുരളീധരൻ പറഞ്ഞു. 'സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളെയോ പുറത്തിറങ്ങും. ഒന്നാം സ്ഥാനത്ത് വരാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ അൻപതോളം സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന കമ്മിറ്റി അതിന് അംഗീകാരം നൽകി. ഘടകകക്ഷികളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. ആദ്യ പട്ടിക നാളെത്തന്നെ പുറത്തിറങ്ങും. സീനിയർ മുതൽ ജൂനിയർ വരെ എല്ലാ വിഭാഗത്തിലുള്ളവരെയും പാർട്ടി പരിഗണിച്ചിട്ടുണ്ട്. ഏറ്റവും ആദ്യം പട്ടിക തയ്യാറായത് കോൺഗ്രസിന്റെയാണ്'- കെ മുരളീധരൻ വ്യക്തമാക്കി.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |