
കൊച്ചി: ജില്ലകൾ തോറും നടന്ന് ബേക്കറിക്കാരെ പറ്റിച്ച് പണം തട്ടി യുവാവ്. പാതി കഴിച്ച പഫ്‌സിനുള്ളിൽ സ്റ്റീൽ സ്‌ക്രബറിന്റെ കഷ്‌ണം കാണുന്ന രീതിയിലുള്ള ചിത്രം കാണിച്ചാണ് ഇയാൾ ഓരോ ബേക്കറിയിൽ നിന്നും പണം തട്ടിയിരുന്നത്. നിലവിൽ കേരളത്തിലുടനീളമുള്ള ബേക്കറി ഉടമകളുടെ ഗ്രൂപ്പുകളിൽ മുഴുവൻ ഈ കള്ളന്റെ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
'ഓരോ കടകളിലുമെത്തി ഒരേ ഡയലോഗാണ് ഇയാൾ പറയുന്നത്. എന്റെ ഭാര്യ കഴിഞ്ഞ ദിവസം ഈ ബേക്കറിയിൽ നിന്ന് പഫ്‌സ് വാങ്ങി. അതിനുള്ളിൽ പാത്രം കഴുകുന്ന സ്‌ക്രബറിന്റെ കഷ്‌ണമുണ്ടായിരുന്നു. എന്റെ മകൾ ഇത് കഴിച്ചു. സ്‌കാൻ ചെയ്‌തപ്പോൾ സ്‌ക്രബറിന്റെ അലുമിനിയം കഷ്‌ണം വയറ്റിലുണ്ട്. ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർ പറഞ്ഞു. ചികിത്സയ്‌ക്കുള്ള പണം നിങ്ങൾ തരണം', പറ്റിക്കപ്പെട്ട എല്ലാ ബേക്കറികളിലും ഇതേ ഡയലോഗാണ് പ്രതി പറഞ്ഞിട്ടുള്ളത്. എറണാകുളം സൗത്തിലെ ബേക്കറിയുടമയ്‌ക്കും കറുകപ്പിള്ളിയിലെ ബേക്കറി ഉടമയ്‌ക്കും സമാനമായ അനുഭവമുണ്ടായി.
സൗത്തിലെ ബേക്കറിയുടമയ്‌ക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ തട്ടിപ്പിൽ വീണില്ല. 'എന്റെ കടയിൽ സ്റ്റീൽ സ്‌ക്രബർ ഉപയോഗിക്കാറില്ല, നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്‌തോളൂ', എന്നാണ് കറുകപ്പിള്ളിയിലെ ബേക്കറി ഉടമ തട്ടിപ്പുകാരനോട് പറഞ്ഞത്. രണ്ടിടത്തും വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെയാണ് പഫ്‌സ് കള്ളൻ മടങ്ങിയത്. കൊല്ലം സ്വദേശിയെന്നാണ് ഇയാൾ ബേക്കറി ഉടമകളോട് പറഞ്ഞത്.
ഇതേയാൾ ആലപ്പുഴ ജില്ലയിൽ തട്ടിപ്പ് നടത്തിയ സംഭവം ബേക്കറി ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്നു. ഇതോടെയാണ് എല്ലാ ജില്ലകളിലും തട്ടിപ്പ് നടത്തിയത് ഒരേയാളാണെന്ന് മനസിലായത്. ആലപ്പുഴയിലെ സുഹൃത്തുക്കളായ ബേക്കറി ഉടമകളുടെ മൊബൈലിലേക്ക് ഇയാൾ ഒരേ ചിത്രം തന്നെ അയച്ചതോടെയാണ് അവർക്ക് തട്ടിപ്പ് മനസിലായത്. പിന്നീട് തട്ടിപ്പുകാരന്റെ ഫോണിലേക്ക് ഇവർ വിളിച്ചെങ്കിലും എടുത്തില്ല. നിരവധി ബേക്കറി ഉടമകൾക്ക് ഈ തട്ടിപ്പിൽ പണം നഷ്‌ടമായെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |