
പാലക്കാട്: സംസ്ഥാന ശാസ്‌ത്രോത്സവം ഏഴ് മുതൽ 10 വരെ പാലക്കാട് നടക്കും. 14 ജില്ലകളിൽ നിന്നായി 8,500ലധികം ശാസ്ത്ര പ്രതിഭകൾ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം,ഐ.ടി,പ്രവൃത്തി പരിചയം,വി.എച്ച്.എസ്.സി എക്സ്‌പോ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരം.
രജിസ്‌ട്രേഷൻ വെള്ളിയാഴ്ച രാവിലെ പത്തിന് ഗവ. മോയൻസ് എച്ച്.എസ്.എസ്.സിൽ നടക്കും. തുടർന്ന്,ശാസ്‌ത്രോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 4.30ന് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും.
നഗരത്തിലെ ആറ് വിദ്യാലയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ബി.ഇ.എം.എച്ച്.എസ്.എസിൽ പ്രവൃത്തി പരിചയമേള,ഭാരത് മാതാ എച്ച്.എസ്.എസിൽ ശാസ്ത്രമേള,വൈ.ഐ.പി ശാസ്ത്രപഥം,ബിഗ് ബസാർ എച്ച്.എസ്.എസിൽ സോഷ്യൽ സയൻസ് മേള,ഒലവക്കോട് എം.ഇ.എസ് എച്ച്.എസ്.എസിൽ ഗണിത മേള,കാണിക്കമാതാ എച്ച്.എസ്.എസിൽ ഐ.ടി മേള,ചെറിയ കോട്ട മൈതാനം,സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കിൽ ആൻഡ് കരിയർ ഫെസ്റ്റും നടക്കും. ഉദ്ഘാടനം,സമാപനം,വിനോദ കലാപരിപാടികൾ,ശാസ്ത്ര സെമിനാർ,കരിയർ സെമിനാർ എന്നിവ ഗവ. മോയൻസ് എച്ച്.എസ്.എസിൽ. സ്‌പെഷ്യൽ സ്‌കൂൾ,ഹൈസ്‌കൂൾ,ഹയർസെക്കന്ററി,വി.എച്ച്.എസ്.സി എന്നീ വിഭാഗങ്ങളിലാണ് മത്സരം. എല്ലാ ദിവസവും രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. മൂല്യനിർണയത്തിന് ശേഷം വൈകിട്ട് മൂന്ന് മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
10ന് വൈകിട്ട് 4.30ന് ഗവ. മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്‌ത്രോത്സവത്തിന്റെ സമാപനം നടക്കും. വിജയികൾക്കുള്ള സമ്മാനം ഗവ. മോയൻസ് എച്ച്.എസ്.എസ് സ്‌കൂളിൽ വിതരണം ചെയ്യും. 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ പാലക്കാട് വിക്ടോറിയ കോളേജ് മൈതാനത്താണ് ഊട്ടുപുര. ദിവസവും നാല് നേരം ഭക്ഷണമുണ്ടാകും. കൂടാതെ മത്സരങ്ങൾ നടക്കുന്ന ആറ് വിദ്യാലയങ്ങളിലും ഭക്ഷണ വിതരണമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |