
ലക്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന ട്രെയിനിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. ഇന്നുരാവിലെ ചുനാർ ജംഗ്‌ഷനിലെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം. രാവിലെ 9.15ന് ചോപൻ -പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ വന്നിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ പോകുകയായിരുന്ന ഹൗറ- കൽക്ക നേതാജി എക്‌സ്‌പ്രസാണ് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്ലാറ്റ്‌ഫോമിൽ ഇറങ്ങാതെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഛത്തീസ്ഗഢിലെ ബിലാസ്‌പൂരിൽ 11 പേരുടെ മരണത്തിനിടയാക്കിയ വലിയ ട്രെയിൻ അപകടം സംഭവിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ സംഭവം.
ബിലാസ്പൂർ- കാട്നി സെക്ഷനിൽ ജയ്റാം നഗർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നത്. ഒരേ ട്രാക്കിൽ മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് കോർബ മെമു ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ കോച്ചുകൾ പൂർണമായും തകർന്നിരുന്നു. റെയിൽവേ രക്ഷാ സംഘങ്ങൾ, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, ലോക്കൽ പൊലീസ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ചില കോച്ചുകൾ ഗുഡ്സ് ട്രെയിനിനുമുകളിലേക്ക് കയറി. മറ്ര് ചിലത് പാളം തെറ്റുകയു ചെയ്തു. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു. സിഗ്നൽ തകരാറോ മാനുഷിക പിഴവോ ആകാം അപകടകാരണമെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |