
ദാനാംഗ് (വിയറ്റ്നാം): യാത്രയ്ക്കിടെ കമിതാക്കൾ തമ്മിലുള്ള തർക്കം അതിരുവിട്ടതോടെ വിമാനം വൈകിയത് മണിക്കൂറുകളോളം. വിയറ്റ്നാമിൽ നിന്ന് ഹോംഗോങ്ങിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഡിപ്പാർച്ചൽ ലോഞ്ചിൽ നിന്ന് തുടങ്ങിയ വഴക്ക് വിമാനത്തിനുള്ളിലേക്കും എത്തുകയായിരുന്നു.
തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും വേശ്യാലയങ്ങൾ സന്ദർശിക്കാറുണ്ടെന്നും ആരോപിച്ചാണ് യുവതി കാമുകനുമായി വാക്ക് തർക്കത്തിലേർപ്പെട്ടത്. ഇക്കാര്യങ്ങൾ എല്ലാവരും കേൾക്കെ യുവതി ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. നാട്ടിലുള്ള എല്ലാവർക്കും നിങ്ങളുടെ സ്വഭാവത്തെ പറ്റി അറിയാമെന്നും യുവതി ശബ്ദമുയർത്തി പറഞ്ഞു. യുവതിയിൽ നിന്ന് പലതവണ കാമുകൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ഇയാളെ തടഞ്ഞു നിർത്തി യുവതി വഴക്ക് പറയുകയായിരുന്നു. ഇതിനിടെ തന്റെ കാമുകിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും തന്നെ വഞ്ചിച്ചുവെന്നും യുവാവും ശബ്ദമുയർത്തി ആരോപിച്ചു.
പിന്നീട് ബോർഡിംഗ് ആരംഭിച്ചതോടെ വഴക്ക് വിമാനത്തിനുള്ളിലേക്കും വ്യാപിക്കുകയായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ഇരുവരെയും വെവ്വേറെ സീറ്റുകളിലാണ് ഇരുത്തിയത്. എന്നാൽ കാമുകനടുത്ത് സീറ്റ് വേണമെന്ന് യുവതി വാശി പിടിച്ചു. ജീവനക്കാർക്ക് ആവശ്യം അംഗീകരിക്കാൻ കഴിയാതെ വന്നതോടെ യുവതി അവരുടെ നേർക്കും തിരിഞ്ഞു. ഒടുവിൽ തർക്കം രൂക്ഷമായപ്പോൾ ജീവനക്കാരിലൊരാളെ തള്ളിയിട്ടു. നിലത്ത് വീണ ജീവനക്കാരി ഉടൻ എഴുന്നേറ്റ് വീണ്ടും യുവതിയോട് ശാന്തയാകാൻ ആവശ്യപ്പെട്ടു. പിന്നീട് എല്ലാവരും തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് പറഞ്ഞ് യുവതി വിതുമ്പി കരഞ്ഞു. അതേസമയം യുവതിക്ക് മാനസിക സ്ഥിരതയില്ലെന്ന് ജീവനക്കാരോട് കാമുകൻ പറയുകയും ചെയ്യുന്നുണ്ട്
പ്രശ്നം മറ്റു യാത്രക്കാരെയും വലച്ചതോടെ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ ജീവനക്കാർ കമിതാക്കളെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് വിമാനയാത്ര ആരംഭിച്ചത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ജീവനക്കാർ ഖേദം പ്രകടപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |