
ന്യൂഡല്‍ഹി: സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കിയതില്‍ വലിയ പങ്കുണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിമാനക്കമ്പനിയെ സംബന്ധിച്ച് ഒട്ടും തന്നെ നല്ല സൂചനയല്ല നല്‍കുന്നത്. രാജ്യത്തെ വ്യോമയാന മേഖലയില്‍ ആശങ്ക സൃഷ്ടിച്ചാണ് മുന്‍നിര വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ നഷ്ടം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്‍ഡിഗോയുടെ നഷ്ടം 2,582.1 കോടി രൂപയായി ഉയര്‍ന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് പ്രധാന തിരിച്ചടി. വരുമാനം 9.3 ശതമാനം ഉയര്‍ന്ന് 18,555 കോടി രൂപയിലെത്തിയെങ്കിലും ലാഭക്ഷമത ഉയര്‍ത്താന്‍ കഴിയുന്നില്ല. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും നിക്ഷേപകരുടെ ആശങ്കകളും വ്യോമ വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചു. ക്രൂഡോയില്‍ വിലയിലെ കുറവും കമ്പനിയ്ക്ക് കാര്യമായി ഗുണം ചെയ്തില്ല. രാജ്യത്ത് ലാഭത്തിലുള്ള ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരേയൊരു വിമാനക്കമ്പനിയായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ നല്‍കിയിരുന്നത് ഇന്‍ഡിഗോയെ ജനപ്രിയമാക്കിയിരുന്നു. അതുപോലെ തന്നെ പരമാവധി ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ഡ് സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതും ഇന്‍ഡിഗോയുടെ പ്രത്യേകതയായി യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. പ്രത്യേക ഓഫറുകളില്‍ അത്ഭുതകരമായ വിലക്കുറവില്‍ ടിക്കറ്റ് നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും കമ്പനി അവതരിപ്പിക്കാറുണ്ട്.
ഗള്‍ഫിലെ അവധിക്കാലത്ത് വിമാനക്കമ്പനികള്‍ കുത്തനെ നിരക്ക് ഉയര്‍ത്തുന്ന സമയത്ത് പ്രവാസികള്‍ക്ക് ചെറിയ ആശ്വാസം ലഭിക്കുന്നത് മറ്റ് വിമാനക്കമ്പികളെ അപേക്ഷിച്ചുള്ള ഇന്‍ഡിഗോ നല്‍കിയിരുന്ന നേരിയ വിലക്കുറവില്‍ ആയിരുന്നു. അതേസമയം, കമ്പനി ഭീമമായ നഷ്ടത്തിലേക്ക് പോയതോടെ നിരക്ക് വര്‍ദ്ധിപ്പിക്കുമോയെന്നാണ് ആശങ്ക ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |