
ചണ്ഡീഗഢ്: ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരിച്ചടി. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഒന്നിലധികം വോട്ടർ കാർഡുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കാട്ടി രാഹുൽ ഗാന്ധി ചില വോട്ടർ കാർഡുകൾ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ഒന്നിന്റെ ഉടമയായ സ്ത്രീകളിൽ ഒരാൾ ഇപ്പോൾ രാഹുലിന്റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പിങ്കി ജുഗീന്ദർ കൗശിക് എന്ന സ്ത്രീയാണ് രാഹുലിന്റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്. വോട്ട് മോഷണം എന്ന ആരോപണം തെറ്റാണെന്നും തന്റെ വോട്ട് താൻ തന്നെയാണ് ചെയ്‌തതെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ വോട്ടർ കാർഡിലെ ഫോട്ടോയിൽ നേരത്തെ പിശകുണ്ടായിരുന്നെന്നും അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും തിരുത്തിയ കാർഡ് തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും യുവതി പറയുന്നു.
'ആദ്യം ലഭിച്ച വോട്ടർ കാർഡിൽ ചിത്രം മാറിപ്പോയിരുന്നു. എന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ചിത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഞങ്ങൾ ഉടനടി അത് തിരികെ നൽകി. എന്നാൽ ഇതുവരെയും തിരുത്തിയ കാർഡ് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല' സത്രീ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനാൽ വോട്ടർ സ്ലിപ്പും ആധാർ കാർഡും ഉപയോഗിച്ചാണ് വോട്ട് ചെയ്‌തതെന്നും സ്‌ത്രീ കൂട്ടിച്ചേർത്തു. ബിഎൽഒയുടെയോ തിരഞ്ഞെടുപ്പ് ഓഫീസിന്റെയോ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് എങ്ങനെ തന്റെ തെറ്റാകുമെന്നും സ്‌ത്രീ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |