
ന്യൂയോർക്ക്: 'കമ്മ്യൂണിസ്റ്റ്' എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരത്തിന്റെ മേയറാകുന്ന മംദാനിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് അദ്ദേഹം മംദാനിക്ക് അഭിനന്ദനം അറിയിച്ചത്. ട്രംപിന്റെ അമേരിക്കയിൽ ജനക്ഷേമത്തിന് മുൻഗണന നൽകുന്ന നയങ്ങൾക്കും സ്വീകാര്യത ലഭിക്കുമെന്ന് ഈ വിജയം തെളിയിച്ചതായി എം എ ബേബി പറഞ്ഞു. മംദാനിക്കും മംദാനി പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾക്കും ഒപ്പം നിൽക്കുമെന്ന് ബേബി കുറിച്ചു.
എം എ ബേബിയുടെ സമൂഹമാദ്ധ്യമ പോസ്റ്റിലെ സന്ദേശം ഇങ്ങനെ:
'ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യൻ വേരുകളുള്ള ഒരാളെന്ന നിലയിൽ അങ്ങയുടെ വിജയം ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ട്രംപിന്റെ അമേരിക്കയിൽ ജനക്ഷേമത്തിന് പ്രാമുഖ്യം നൽകുന്ന നയങ്ങൾക്കും സ്വീകാര്യത ലഭിക്കുമെന്ന് ഈ വിജയത്തിലൂടെ തെളിഞ്ഞു. സാമ്രാജ്യത്വ, സൈനിക, വ്യാവസായിക, മാദ്ധ്യമ ശക്തികൾക്കെതിരെ നിങ്ങൾ ശബ്‌ദമുയർത്തുമ്പോൾ പുരോഗമന, ജനാധിപത്യ വിശ്വാസികളായ ഞങ്ങൾ നിങ്ങളോടും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾക്കും ഒപ്പംനിൽക്കും. ജനങ്ങളുടെ ശബ്‌ദം അടിച്ചമർത്തുന്ന ശക്തികൾക്കെതിരെ നമ്മുടെ ജനങ്ങൾ ഒന്നിച്ചുനിന്ന് പൊതു അടിത്തറ തീർക്കട്ടെ.'
സ്വതന്ത്രനായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരെ പിന്തള്ളിയാണ് 34 വയസുകാരനായ മംദാനി വിജയം ഉറപ്പാക്കിയത്. ഇതോടെ പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയാണുണ്ടായത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് രണ്ടാമത് എത്തിയതിന് പിന്നാലെ താരീഫ് പ്രശ്‌നത്തിലടക്കം വിവാദമായിരുന്നു. ഇതിനിടെയാണ് ഇന്നുണ്ടായ തിരിച്ചടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |