
ജയ്പൂർ: കടം വാങ്ങിയ പണം ഉപയോഗിച്ച് ലോട്ടറിയെടുത്ത യുവാവിന് അടിച്ചത് 11 കോടിരൂപ. രാജസ്ഥാവിലെ ജയ്പൂർ കോട്പുട്‌ലി ഗ്രാമത്തിൽ താമസിക്കുന്ന അമിത് സെഹാരയാണ് ആ ഭാഗ്യവാൻ. ഈ പണം ഉപയോഗിച്ച് നല്ലൊരു വീട് പണിയുമെന്നും കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അമിത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബിലെ ഭട്ടിൻഡ പ്രദേശത്ത് നിന്നാണ് ലോട്ടറിയെടുത്തതെന്നും പഞ്ചാബ് സർക്കാരിന് നന്ദിയുണ്ടെന്നും അമിത് വ്യക്തമാക്കി. ലോട്ടറി ഏജൻസി അമിത് സെഹാരയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച വിവരം സ്ഥിരീകരിച്ചു.
'ജയ്‌പൂർ ജില്ലയിലെ കോട്പുട്‌ലി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഞാൻ. സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പഞ്ചാബ് സർക്കാരിനും ലോട്ടറി ഏജൻസിക്കും നന്ദി. ഇന്ന് എന്റെ എല്ലാ സങ്കടങ്ങളും ഇല്ലാതായി. എനിക്ക് 11 കോടി രൂപ ലഭിച്ചു. ഒരു സുഹൃത്തിനൊപ്പം യാത്രക്കിടെയാണ് ഞാൻ ഭട്ടിൻഡയിലെത്തിയത്. സുഹൃത്തിന്റെ കെെയിൽ നിന്ന് 1000 രൂപ കടം വാങ്ങി രണ്ട് ടിക്കറ്റുകൾ ഞാൻ എടുത്തു. ഒന്ന് എനിക്കും ഒന്ന് ഭാര്യയ്ക്കും. അവളുടെ ടിക്കറ്റിന് 1000 രൂപ അടിച്ചു. എന്റെ ടിക്കറ്റിന് 11 കോടിയും. ദീപാവലി ബമ്പറാണ് വാങ്ങിയത്. പണം കടം തന്ന സുഹൃത്തിന്റെ പെൺമക്കൾക്ക് വേണ്ടി 50 ലക്ഷം രൂപ നൽകും. ബാക്കി വരുന്ന പണം ഉപയോഗിച്ച് വീട് വയ്ക്കും. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകും'- അമിത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |