
മുംബയ്: ഇന്ത്യൻ വനിതകളുടെ അഭിമാനമുയർത്തിയ പ്രിയപ്പെട്ട കോച്ചിന് ബാറ്റുകൾ ഉയർത്തിക്കൊണ്ട് ഗാർഡ് ഓഫ് ഓണർ അടക്കം നൽകി വരവേറ്റ് ജന്മനാട്. വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ കോച്ച് അമോൽ മജുംദാറിന് ഒരു ജേതാവിന് അർഹിക്കുന്ന ഉജ്വല സ്വീകരണം തന്നെ മുംബയ് നഗരം നൽകി. റോസാപ്പൂക്കൾ കൊണ്ട് പരവതാനി തീർത്ത്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിറഞ്ഞ പുഞ്ചിരിയോടെയാണ് വനിതകളടക്കം ജനക്കൂട്ടം മജുംദാറിനെ സ്വീകരിച്ചത്.
വനിതകൾ ഇരുവശങ്ങളിലായി നിരന്ന് ബാറ്റുയർത്തി ഗാർഡ് ഓഫ് ഓണർ നൽകി. ഇന്ത്യയ്‌ക്കായി ചരിത്രനേട്ടം കൊയ്‌തതിന്റെ സന്തോഷ കണ്ണീർ ഓരോരുത്തരിലുമുണ്ടായിരുന്നു. തന്റെ സ്വതസിദ്ധമായ ശാന്തതയും പുഞ്ചിരിയും കൊണ്ട് മജുംദാർ ജനങ്ങളോട് നന്ദി പറഞ്ഞു. തനിക്ക് ലഭിച്ച സ്വീകരണത്തിന് അമോൽ മജുംദാർ നന്ദി അറിയിച്ചു. 'ക്രിക്കറ്റ് ഇഷ്‌ടപ്പെടുന്നത് മാത്രമല്ല സ്‌പോർട്‌സ് ഇഷ്‌ടപ്പെടുന്ന രാജ്യമായി നമുക്ക് മാറാം' അമോൽ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ വൻ റെക്കോഡ് ഉള്ളപ്പോഴും ഇന്ത്യൻ കുപ്പായം അണിയാൻ ഭാഗ്യം ലഭിക്കാത്ത കളിക്കാരനായിരുന്നു അമോൽ. 171 ഫസ്റ്റ്‌ക്ളാസ് മത്സരങ്ങളിൽ 48.13 ശരാശരിയോടെ 11167 റൺസ് നേടിയിട്ടുള്ള അമോലിന്റെ മികച്ച സ്‌കോർ 260 ആണ്. 1994 മുതൽ 2014 വരെ നീണ്ടുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കരിയർ. സച്ചിൻ ടെൻഡുൾക്കറുടെ ഗുരുവായ രമാകാന്ത് അച്‌രേക്കർ തന്നെയാണ് അമോൽ മജുംദാറിന്റെയും ഗുരു. രൊമേഷ് പവാർ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം 10 മാസത്തോളം ആളില്ലാതിരുന്ന ഇന്ത്യൻ വനിതാ ടീം പരിശീലക സ്ഥാനത്തേക്ക് എത്തി അമോൽ ടീമിന് ഏറെ കീർത്തി നേടിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |