
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിജയനാണ് (57) മരിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. കാലിന് പരിക്കേറ്റാണ് പ്രമേഹ രോഗിയായ ഇയാൾ ചികിത്സയ്‌ക്കായി എത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി പിടിപെടുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാല് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏഴുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം മാത്രം 160 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 36 മരണങ്ങൾ ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും ഉണ്ടാകുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
അതേസമയം, വളർത്തുമൃഗങ്ങളിലും അമീബിക് മസ്തിഷ്ക ജ്വരം പടരാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കുളങ്ങളിലും മറ്റും കുളിപ്പിക്കുന്നതും, കെട്ടിക്കിടക്കുന്ന വെളളം കുടിക്കാൻ നൽകുന്നതും അപകടകരമാണ്. 30 മുതൽ 40 ഡിഗ്രി സെൽഷ്യസിലുളള വെള്ളത്തിൽ നൈഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയുടെ സാന്നിദ്ധ്യമുണ്ടാകാം. വാട്ടർടാങ്കിൽ വെയിലേറ്റ് ചൂടുള്ള വെളളത്തിലും അമീബയുടെ സാന്നിദ്ധ്യമുണ്ടാകുന്നുണ്ടെന്നാണ് നിഗമനം. ലക്‌നൗവിൽ എരുമകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |