SignIn
Kerala Kaumudi Online
Tuesday, 10 March 2026 3.02 PM IST

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ റോസിയെ ഇന്ന് അറസ്റ്റ് ചെയ്യും, അമ്മയുടെ മൊഴി രേഖപ്പെടുത്തും

Increase Font Size Decrease Font Size Print Page
delna

കൊച്ചി: അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത കൊന്ന സംഭവത്തിൽ അമ്മൂമ്മയുടെ അറസ്റ്റടക്കമുളള നടപടികൾ ഇന്നുണ്ടാകും. അമ്മൂമ്മ റോസി (60) കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ രാവിലെയോടെ കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തിൽ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില മെച്ചപ്പെടുന്ന മുറയ്ക്ക് ചോദ്യംചെയ്യും. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഡൽനയുടെ സഹോദരൻ ഡാനിയുടെ (നാല്) പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേയായിരുന്നു കൊലപാതകം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചിൽകേട്ട് മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.

വിരലടയാള, ഫോറൻസിക് വിദഗ്ദ്ധർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ചെല്ലാനം സ്വദേശിയാണ് ആന്റണി. കുടുംബത്തിനൊപ്പം മാസങ്ങളായി ചീനിയിലാണ് താമസം.

TAGS: CASE DIARY, MURDERCASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY