
തിരുവനന്തപുരം: മുൻമന്ത്രി കെ.ആർ.ഗൗരിഅമ്മ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്തായത് നിർഭാഗ്യകരമായ അവസ്ഥയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ഗൗരിഅമ്മയെയും പാർട്ടിയെയും സ്നേഹിക്കുന്നവർക്ക് വലിയ വേദനയുണ്ടാക്കി. എങ്കിലും അവസാന കാലത്ത് പാർട്ടിയുമായി സഹകരിക്കാൻ തീരുമാനിച്ചത് സന്തോഷകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ആർ.ഗൗരിഅമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2025ലെ അന്തർദേശീയ പുരസ്കാരം സാമൂഹ്യ പ്രവർത്തക അരുണ റോയിക്ക് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ആദ്യ കാല നേതാക്കളിൽ ധീരതയുടെ പ്രതീകമായി കേരളം കണ്ട നേതാവായിരുന്നു ഗൗരിഅമ്മ. കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടു വന്ന ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഗൗരിഅമ്മ വിഭാവനം ചെയ്ത ദാരിദ്ര്യമുക്ത കേരളത്തിലേക്കുള്ള ഒരു ചവിട്ടു പടി കടന്ന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാൻ ഈ സർക്കാരിനായി. ദിവാൻ വാഗ്ദാനം ചെയ്ത മജിസ്ട്രേറ്റ് പദവി ഉപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ ഗൗരിഅമ്മയ്ക്കും ,സിവിൽ സർവീസ് ജീവിതം തുടക്കത്തിലേ ഉപേക്ഷിച്ച് സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ഇറങ്ങിത്തിരിച്ച അരുണ റോയിക്കും സമാനതകളേറെയുണ്ട്. അരുണ റോയിയുടെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റങ്ങളുടെ ഫലമായി വിവരാവകാശ നിയമം, തൊഴിലുറപ്പ് നിയമം തുടങ്ങിയ വിപ്ലവകരമായ പല അവകാശങ്ങളും രാജ്യത്തുണ്ടായി. എന്നാൽ ഇപ്പോൾ വിവരാവകാശ നിയമത്തിൽ പല ഭേദഗതികൾ കൊണ്ടുവന്ന് ഉദ്ദേശലക്ഷ്യങ്ങൾ ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ടെക്നോപാർക്ക് സ്ഥാപക മേധാവി ജി.വിജയരാഘവൻ ഗൗരിഅമ്മ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, മുൻ മന്ത്രി തോമസ് ഐസക്ക്, വി.ജോയി എം.എൽ.എ, ജൂറി അംഗങ്ങളായ കെ.ബി.വത്സലകുമാരി, ഡോ.പി.ഗീത, ഗൗരിഅമ്മ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ.പി.സി.ബീനാകുമാരി, സെക്രട്ടറി അഡ്വ.പി.ആർ.ബാനർജി, ജോയിന്റ് സെക്രട്ടറിമാരായ കെ.ശിവാനന്ദൻ, അഡ്വ.എ.അജികുമാർ, വൈസ് ചെയർമാൻ സംഗീത് ചക്രപാണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |