
സുൽത്താൻ ബത്തേരി: രൂക്ഷമായ കാട്ട് മൃഗശല്യത്തിൽ നിന്ന് നെൽകൃഷി സംരക്ഷിക്കാനായി
ഊഴമനുസരിച്ച് കാവൽകിടന്ന് ഗോത്ര കുടുംബങ്ങൾ. നൂൽപ്പുഴയിലെ വനഗ്രാമമായ കോളോത്താണ് കുടുംബങ്ങളുടെ ഈ സാഹസിക പ്രവർത്തി. കുറുമ വിഭാഗത്തിൽപ്പെട്ട ഏഴ് കുടുംബങ്ങളുടെ പത്ത് എക്കർ നെൽവയലാണ് ഇവർ ഇങ്ങനെ സംരക്ഷിച്ച് പോകുന്നത്. കൃത്യമായ ടൈംടേബിൾ വെച്ചാണ് ഏഴ് കുടുംബങ്ങളും കാവലിരിക്കുന്നത്. എന്തെങ്കിലും കാരണവശാൽ നിശ്ചയിക്കപ്പെട്ട ദിവസം കുടുംബത്തിന് കാവലിരിക്കാൻ പറ്റാതെവരുകയാണങ്കിൽ പകരം ആരെങ്കിലും ഒരു കുടുംബത്തിന് കാവൽ ചാർജ് നൽകും. ഈ കുടുംബം കാവൽ നിന്നാൽ പകരം നിന്നായാൾക്ക് വേണ്ടി നേരത്തെ ലീവെടുത്തയാൾ പിന്നീട് ഒരു ദിവസം കാവൽ നിൽക്കണം. ഇങ്ങനെ കാത്ത് സൂക്ഷിച്ചാണ് കോളോത്ത് ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാർ നെൽകൃഷി സംരക്ഷിച്ചുപോരുന്നത്. നാല് വശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് കോളോത്ത് കുറുമ കോളനി. ഇവരുടെ പരമ്പരാഗത കൃഷിയാണ് നെല്ല്. കാലി വളർത്തലും നെൽകൃഷിയുമാണ് ഇവരുടെ പ്രധാന വരുമാന മാർഗ്ഗം. നെൽച്ചെടികൾ കതിരിടുന്നതോടെയാണ് വയലിൽ കെട്ടിയുണ്ടാക്കുന്ന കാവൽ മാടങ്ങലിലേയ്ക്ക് രാത്രികാലങ്ങളിൽ കുടുംബത്തിന്റെ താമസം. പാരമ്പര്യമായി നെൽകൃഷി ചെയ്തു വരുന്ന ഇവർ കൃഷിക്കായി അവംലംഭിക്കുന്നതും പരമ്പരാഗത രീതിയെയാണ്. നെല്ലിനവും വയനാടിന്റെ സ്വന്തം നെല്ലായ തൊണ്ടിയാണ്. നല്ല വിളവ് നൽകുന്ന പുതിയ നെൽ വിത്തിനങ്ങളുണ്ടെങ്കിലും അവയെല്ലാം വേണ്ടെന്ന് വെച്ചാണ് തൊണ്ടി വിതയ്ക്കുന്നത്. ഇതിന് പ്രധാന കാരണം പുല്ല് കന്നുകാലികൾക്ക് കൊടുക്കാൻ കിട്ടുമെന്നതിനാലാണ്. നെൽകൃഷിയിറക്കുന്നതിന് മനുഷ്യർ അദ്ധ്വാനിക്കുമ്പോൾ അതിന്റെ ഒരു ഭാഗമായി കന്നുകാലികളുടെ പങ്കുമുണ്ട്. അവർക്ക് തീറ്റയായി കൃഷിയിറക്കിയ നെല്ലിന്റെ പുല്ല് നൽകുന്നത് ഒരു പുണ്യമായും ഈ ഗോത്രവർഗ്ഗക്കാർ കാണുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |