
വാഷിംഗ്ടൺ: കഴിഞ്ഞ നവംബറിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് ഡൊണാൾഡ് ട്രംപ് വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചുവരവായിരുന്നു ഇത്. എന്നാൽ ട്രംപിന്റെ നയങ്ങളിൽ അമേരിക്കൻ ജനത അസ്വസ്ഥരാണെന്ന് തെളിയിക്കുന്നതാണ് ന്യൂയോർക്ക് സിറ്റിയിലെയടക്കം തിരഞ്ഞെടുപ്പ് ഫലങ്ങൾ.
ന്യൂയോർക്ക് സിറ്റി മേയറിന് പുറമേ വിർജീനിയ, ന്യൂജേഴ്സി സംസ്ഥാന ഗവർണർമാർക്കായുള്ള തിരഞ്ഞെടുപ്പുകളിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ മറികടന്ന് ഡെമോക്രാറ്റിക് പാർട്ടി മിന്നുംജയം സ്വന്തമാക്കി. വിർജീനിയയിൽ അബിഗേൽ സ്പാൻബെർഗറും ന്യൂജേഴ്സിയിൽ മിക്കി ഷെറിലും വിജയിച്ചു. വിർജീനിയയിലെ ആദ്യ വനിതാ ഗവർണറാണ് അബിഗേൽ.
ന്യൂജേഴ്സിയിലെ ആദ്യ വനിതാ ഡെമോക്രാറ്റിക് ഗവർണർ എന്ന നേട്ടം മിക്കിയും സ്വന്തമാക്കി. വിർജീനിയയിലെ ലെഫ്റ്റനന്റ് ഗവർണറായി ഇന്ത്യൻ-അമേരിക്കൻ വംശജ ഗസാല ഹാഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയാണിവർ. ട്രംപ് സർക്കാർ ജനുവരിയിൽ അധികാരത്തിലേറിയ ശേഷം യു.എസിലുണ്ടായ ആദ്യ പ്രധാന തിരഞ്ഞെടുപ്പുകളാണിവ. അടുത്ത വർഷം യു.എസ് കോൺഗ്രസിലേക്ക് നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.
കാരണം ഷട്ട്‌ഡൗൺ : ട്രംപ്
ട്രംപിന്റെ തീരുവ നയം ജീവിതച്ചെലവുയർത്തിയെന്നാണ് ജനങ്ങളുടെ പരാതി. അതേസമയം, സർക്കാർ സ്ഥാപനങ്ങളിൽ ഒക്ടോബർ 1 മുതൽ തുടരുന്ന ഷട്ട്‌ഡൗൺ ആണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിലെന്നാണ് ട്രംപ് പറയുന്നത്. മത്സരത്തിന് താൻ ഇല്ലാത്തതും പ്രതികൂല ഘടകമായെന്ന് ട്രംപ് അവകാശപ്പെട്ടു. ഫലങ്ങൾ പാർട്ടിക്ക് നല്ലതല്ലെന്നും ഡെമോക്രാറ്റുകളുടെ ഭരണം രാജ്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ധനാനുമതി ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെയാണ് യു.എസിൽ ഷട്ട്‌ഡൗൺ ഏർപ്പെടുത്തിയത്.
# മംദാനിക്ക് മുന്നോട്ടുള്ള വഴി കഠിനം
ട്രംപിന്റെ ഭീഷണികളെ മറികടന്ന് ന്യൂയോർക്ക് സിറ്റി മേയറായെങ്കിലും മുന്നോട്ടുള്ള വഴി സൊഹ്‌റാൻ മംദാനിക്ക് അത്ര എളുപ്പമല്ല
ന്യൂയോർക്ക് സിറ്റി യു.എസിന്റെ സാമ്പത്തിക തലസ്ഥാനമായി കണക്കാക്കപ്പെടുന്നു
മംദാനിയുടെ വാഗ്ദാനങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്നതിൽ വിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചു
ക്ഷേമ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്താനായി സമ്പന്നർക്കും വൻകിട കോർപ്പറേഷനുകൾക്കും പുതിയ നികുതിയേർപ്പെടുത്താനുള്ള മംദാനിയുടെ തീരുമാനം തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. സമ്പന്നരും കമ്പനികളും നഗരംവിട്ടേക്കും. നഗരത്തിന്റെ ഭീമൻ ബഡ്ജറ്റ് താളംതെറ്റും. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ നികുതി പ്രാബല്യത്തിൽ വരില്ല. നികുതിയെ പിന്തുണയ്ക്കില്ലെന്ന് ഗവർണർ കാത്തി ഹോചുൾ വ്യക്തമാക്കി
ട്രംപുമായി ഏറ്റുമുട്ടാൻ തയ്യാറെന്ന് മംദാനിയുടെ വെല്ലുവിളി. ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ധനസഹായം തടയുമെന്ന് ട്രംപ്.
സിറ്റിയിലേക്ക് നാഷണൽ ഗാർഡ് സൈനികരെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയും ട്രംപ് വിന്യസിച്ചേക്കും
ഡെമോക്രാറ്റിക് പാർട്ടിയിലെ മിതവാദികൾക്ക് മംദാനിയോട് താത്പര്യക്കുറവ്. മംദാനി പാലസ്തീനെ പിന്തുണയ്‌ക്കുന്നതും അദ്ദേഹത്തിന്റെ ഇസ്രയേൽ വിരുദ്ധ നിലപാടും പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും സംസാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |