
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും മുൻ ജില്ലാസെക്രട്ടേറിയറ്റ് അംഗവുമായ കെ.എം. ജോസഫ് (81) അന്തരിച്ചു. അസുഖബാധിതനായി കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടിയാന്മല സ്വദേശിയായ അദ്ദേഹം മലയോര മേഖലയിലെ കുടിയേറ്റ കർഷകരെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു . മികച്ച പ്രാസംഗികനും സംഘാടകനുമായ ജോസഫ്
1970കളിലാണ് പാർട്ടിയിൽ സജീവമായത്. അടിയന്തരാവസ്ഥ കാലത്ത് കുടിയാന്മലയിൽ സംഘടിപ്പിച്ച സുകുമാരൻ രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ വച്ച് എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ എന്നിവരോടൊപ്പം പൊലീസ് മർദ്ദനത്തിന് ഇരയായി ജയിലിൽ അടക്കപ്പെട്ടു.
കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ് പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം നടുവിൽ ലോക്കൽ സെക്രട്ടറി, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 2001ൽ ആലക്കോട് ഏരിയാകമ്മിറ്റിയുടെ രൂപീകരണത്തിനും നേതൃത്വം നൽകി.
ഭൗതിക ശരീരം കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിലും ആലക്കോട് ഇ.എം.എസ്. സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് എത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുടിയാന്മലയിൽ നടക്കും.
ഭാര്യ: തങ്കമ്മ (കോട്ടയം തോറ്റക്കാട് ചക്കാലയിൽ കുടുംബാംഗം). മക്കൾ: സാജു ജോസഫ് (സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗം, നടുവിൽ പഞ്ചായത്ത് മെമ്പർ), സാനി സാബു (ഇരിട്ടി സർവീസ് സഹകരണ ബാങ്ക്), സിനു ജോസഫ് (സ്റ്റേറ്റ് ഹെഡ്, ഇൻഡോസ്റ്റാർ കാപ്പിറ്റൽ, എറണാകുളം). മരുമക്കൾ:ലിനി (തളിപ്പറമ്പ് അഗ്രികൾച്ചറൽ ബാങ്ക്), അഡ്വ. സാബു വർഗീസ് വിത്തുപുരയിൽ (വള്ളിത്തോട്), ജെയ്സന കുറ്റി്ക്കാട്ടുകുന്നേൽ നെടുവോട്, ആലക്കോട്, (അധ്യാപിക, സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ, എറണാകുളം). സഹോദരങ്ങൾ: കുട്ടിയമ്മ, അന്നമ്മ, എലമ്മ, ഇത്താമ, കെ.എം. തോമസ്, വത്സ, ഫിലോമിന, പരേതരായ കെ.എം. മാത്യു, മേരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |