
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിൽ ഏഴാം പ്രതിയാണ് കൊല്ലം ചവറ സ്വദേശിയായ ബൈജു. സ്വർണക്കൊള്ള കേസിലെ നാലാമത്തെ അറസ്റ്റാണിത്.
ശ്രീകാര്യം പാങ്ങാപ്പാറയിലെ ഫ്ളാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബൈജുവിനെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്ര് രേഖപ്പെടുത്തിയത്. നേരത്തെ സ്വർണപ്പാളി ചെമ്പാക്കിയെന്ന് റിപ്പോർട്ട് നൽകിയ ശബരിമലയിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ദേവസ്വം ബോർഡിൽ സ്വർണം അടക്കമുള്ള അമൂല്യ വസ്തുക്കളുടെ പൂർണ ഉത്തരവാദിത്വം തിരുവാഭരണ കമ്മിഷണർക്കാണ്. 2019 ജൂലായ് 19ന് ശില്പപാളികൾ അഴിച്ച് സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സന്നിധാനത്ത് ബൈജു ഉണ്ടായിരുന്നെങ്കിലും ഹാജരായില്ല. സ്വർണത്തിന്റെ അളവും തൂക്കവും രേഖപ്പെടുത്താൻ ഗോൾഡ് സ്മിത്തിനെ എത്തിച്ചുമില്ല. മുഖ്യപ്രതികളുടെ ആസൂത്രണത്തിൽ മനഃപൂർവം വിട്ടുനിന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇതിലെ ദുരൂഹത ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു.
കട്ടിളപ്പാളി തരിമറിയിലും പങ്ക്
കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപാടുകളെ കുറിച്ചും ബൈജുവിന് അറിയാമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. 2019ൽ തന്നെയാണ് ബൈജു വിരമിച്ചത്. 2019ൽ ശില്പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ട മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയേയും ഉടൻ കസ്റ്റഡിയിലെടുത്തേക്കും. കഴിഞ്ഞ ദിവസം ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ച തരത്തിലുള്ള ഗൂഡാലോചന കണ്ടെത്താൻ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധന: ശബരിമല
സ്വർണക്കൊള്ളയുടെ വ്യാപ്തി കൂടും
മുരാരി ബാബുവിനെയും സുധീഷിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ സ്വർണക്കൊള്ളയുടെ വ്യാപ്തി ഇനിയും ഉയർന്നേക്കും. വിവിധയിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് രിശോധന നടത്തുന്നതോടെ നഷ്ടമായ സ്വർണത്തിന്റെ യഥാർത്ഥ കണക്ക് വെളിപ്പെടും. ഇതിന്റെ ഭാഗമായി എസ്.ഐ.ടി സന്നിധാനത്തെത്തി ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. രണ്ടുദിവസമായായിരുന്നു തെളിവെടുപ്പ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലേയും കട്ടിളകളിലേയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ ശേഖരിച്ചു.
നിലവിൽ ദ്വാരപാലക ശില്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നതിന് രണ്ട് കേസുകളാണുള്ളത്. സ്വർണക്കൊള്ളയുടെ ഗൂഢാലോചനയും അന്വേഷിക്കുന്നു. കട്ടിളപ്പാളി കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അന്യസംസ്ഥാനത്ത് മുറിച്ചുവിറ്റ ശേഷം ചെമ്പിൽ പുതിയ പാളിയുണ്ടാക്കി സ്വർണം പൂശി തിരിച്ചെത്തിച്ചെന്ന് എസ്.ഐ.ടി സംശയിക്കുന്നു. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കാനാകും. അതിനിടെ സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയ സമയത്തെ ദേവസ്വം കമ്മിഷണറെ അറസ്റ്റ് ചെയ്യാനും നീക്കം തുടങ്ങി.
ശ്രീകോവിൽ വാതിലിൽ നിന്ന് സ്വർണം കവർന്ന കേസിൽ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്.ഐ.ടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയും പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
സ്വർണപ്പാളി കൊണ്ടുപോയത്
ആഡംബര വാഹനത്തിൽ
ടി.എസ് സനൽകുമാർ
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുമായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചെന്നൈയിലേക്ക് പോയത് ആഡംബര വാഹനത്തിൽ. പമ്പയിൽ നിന്ന് പത്തനംതിട്ട വരെയെത്തിയത് മറ്രൊരു വാഹനത്തിലാണ്. അവിടെ വച്ച് ആഡംബര വാഹനമായ ഫോഴ്സ് അർബാനിയായിൽ കയറി. വഴിവക്കിൽ വച്ചാണ് പാളികൾ അർബാനിയയിലേക്ക് മാറ്റിയത്. 60,000രൂപ വാടകയിൽ ഒരു സ്പോൺസറാണ് വാഹനം ഏർപ്പാടാക്കിയത്. കാരവാനുകൾക്ക് സമാനമാണ് ഈ വാഹനം. അതീവ സുരക്ഷിതമായ വാഹനത്തിൽ സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് പാളികൾ കൊണ്ടുപോയതെന്നാണ് നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞത്. ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ രാഖേഷ്, രണ്ട് പൊലീസുകാർ, ദേവസ്വം സ്മിത്ത്, രണ്ട് ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്പോൺസറുടെ പ്രതിനിധി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് തങ്ങിയത്. യാത്രയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സ്പോൺസർ ചെയ്തത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും കോടതി അന്വേഷണസംഘത്തോട് നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |